ലൊസാഞ്ചലസ്: ഓസ്കറിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച അവലംബിത തിരക്കഥ, എഡിറ്റിങ് എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നേടിയ ‘അനോറ’യാണ് പട്ടികയിൽ മുന്നിട്ടു നിൽക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു അവാർഡ് നിശയിലെ ആദ്യ പ്രഖ്യാപനം.‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കൾക്കിൻ ആണ് മികച്ച സഹനടനുള്ള ഓസ്കർ. 42കാരനായ കീരൺ ‘ഹോം എലോൺ’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
‘എമിലിയ പെരസി’ലൂടെ സോയി സൽദാന മികച്ച സഹനടിയായി. ‘ഫ്ലോ’ ആണ് മികച്ച അനിമേറ്റഡ് ചിത്രം. ലാത്വിവിയയില്‍ നിന്ന് ഓസ്കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ് ‘ഫ്ലോ’. മികച്ച യഥാർഥ തിരക്കഥയ്ക്കുള്ള പുരസ്കാരം ഷോൺ ബേക്കറിന്. ചിത്രം അനോറ. ‘വിക്കെഡ്’ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്‌വെൽ ചരിത്രം സൃഷ്ടിച്ചു.
മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി മത്സരിക്കുന്ന 10 എണ്ണത്തിൽ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കൽ ‘എമീലിയ പെരസി’നു 13 നാമനിർദേശമാണു ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിർദേശം ഇതാദ്യമാണ്. ട്രാൻസ്‌ജെൻഡർ അധോലോക നേതാവിന്റെ കഥ സംഗീതസാന്ദ്രമായി ആവിഷ്കരിച്ച സിനിമയിലെ മുഖ്യവേഷം ചെയ്ത കാർല സോഫിയ ഗാസ്കോൺ ട്രാൻസ് വ്യക്തിയാണ്. ദ് ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകൾക്കു 10 നാമനിർദേശം വീതം ലഭിച്ചു. ഡയക്ടറേഴ്സ് ഗിൽഡ്, പ്രൊഡക‍്ഷൻ ഗിൽഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയതോടെ ‘അനോറ’ സാധ്യതാപ്പട്ടികയിൽ മുന്നിലെത്തിയിട്ടുണ്ട്. കോൺക്ലേവ്, എ കംപ്ലീറ്റ് അൺനോൺ എന്നിവയും നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
മികച്ച നടിക്കുള്ള നാമനിർദേശങ്ങളിൽ ദ് സബ്സ്റ്റൻസിലെ നായികയായ ഡെമി മൂറും ബാഫ്ത അടക്കം പുരസ്കാരങ്ങൾ ലഭിച്ച അനോറയിലെ മൈക്കി മാഡിസനും മുന്നിലുണ്ട്. മികച്ച നടനുളള പുരസ്കാരത്തിനായി മുന്നിലുള്ളത് ഏഡ്രിയൻ ബ്രോഡി (ദ് ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ (എ കംപ്ലീറ്റ് അൻനോൺ) എന്നിവരാണ്. മികച്ച ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സിനിമയായ അനുജയ്ക്കു നാമനിർദേശം ലഭിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും ചേർന്നു നിർമിച്ചതാണിത്. ജനുവരി 23 ന് ആണ് നാമനിർദേശങ്ങൾ പ്രഖ്യാപിച്ചത്.