പാക്ക് സേനാ താവളത്തിൽ ഭീകരാക്രമണം; 7 കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരുക്ക്

Advertisement

ഇസ്‌‍ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് കുട്ടികളുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി ബോംബുകൾ ഒളിപ്പിച്ച കാറുമായി രണ്ട് ചാവേറുകൾ സൈനിക താവളത്തിലേക്ക് ഇടിച്ചുകയറുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു. സൈനിക താവളത്തിലെ മതിൽ തകർന്നതിനു പിന്നാലെ മറ്റു ഭീകരർ അകത്തേക്ക് ഇരച്ചുകയറിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇഫ്താർ വിരുന്നിനു തൊട്ടുപിന്നാലെയാണു ബന്നു കന്റോൺമെന്റിൽ ആക്രമണമുണ്ടായത്. പാക്ക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അൽ–ഫുർസാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പ്രത്യാക്രമണത്തിൽ ആറു ഭീകരെ വധിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നാലെ ആകാശത്തേക്കു കട്ടിയുള്ള പുക ഉയരുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പശ്ചാത്തലത്തിൽ വെടിയൊച്ചകളും കേൾക്കാം.

ഒരേസമയം രണ്ട് ചാവേർ കാർ ബോംബുകൾ ഉപയോഗിച്ചതായും ആറ് ഭീകരർ ഉൾപ്പെട്ട ഏകോപിത ആക്രമണമാണെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. ഫെബ്രുവരി 28ന്, ഇതേ പ്രവിശ്യയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ചാവേർ ബോംബ് സ്ഫോടനമുണ്ടായിരുന്നു. താലിബാൻ അനുകൂല പുരോഹിതൻ ഹമീദുൽ ഹഖ് ഹഖാനിയും നാല് അനുയായികളും കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here