ടോക്യോ: ഇന്ത്യ ജപ്പാൻ സംയുക്ത സൈനികാഭ്യാസമായ ധർമ്മ ഗാർഡിയന്റെ ആറാം പതിപ്പ് ജപ്പാനിൽ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളുടെയും കരസേനകൾ ചേർന്ന് യുദ്ധമുഖത്തെ പുതിയവെല്ലുവിളികളെ നേരിടാനുള്ള പരിശീലനമാണ് നടക്കുന്നത്.
കളരിപ്പയറ്റ് ആഭ്യാസം മുതൽ പുതിയ ആയുധങ്ങളുടെ പരിശിലനം വരെ. ഇന്ത്യയുംജപ്പാനും തമ്മിൽ സൈനികതലം മുതൽ സംസ്കാരിക സഹകരണം കൂടി ലക്ഷ്യമിടുന്നതാണ് ധർമ്മ ഗാർഡിയൻ. ജപ്പാൻ അതിയേഥരായ ഇത്തവണത്തെ ആഭ്യാസപ്രകടനങ്ങൾ നടക്കുന്നത് ഈസ്റ്റ് ഫുജിയിലെ സൈനികപരിശീലന കേന്ദ്രത്തിലാണ്. ഇരുരാജ്യങ്ങളുടെയും പ്രതിരോധസഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി.
ഈക്കുറി നഗരപ്രദേശങ്ങളിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ പരിശീലനത്തിനാണ് പ്രാധാന്യം.ലോകത്ത് പലയിടങ്ങളിലും നഗരങ്ങളിൽ ഭീകരർ നടത്തുന്ന ഒറ്റയാൻ ആക്രമണങ്ങളെ ഉൾപ്പെടെ നേരിടാനുള്ള തന്ത്രങ്ങളിലാണ് പരിശീലനം. യുദ്ധാനുഭവങ്ങളും പുതിയ സാങ്കേതികകൈമാറ്റവും ഇരുസേനകളും നടത്തും.മദ്രാസ് റെജിമെന്റിലേതടക്കം 120 സൈനികരാണ് പരിപാടിക്കായി ജപ്പാനിൽ എത്തിയിരിക്കുന്നത്. ഈ മാസം 9 വരെയാണ് സൈനികാഭ്യാസം നടക്കുന്നത്.