ഡമാസ്കസ്: സിറിയൻ സുരക്ഷാ സേനയും മുൻ പ്രസിഡന്റ് ബഷാർ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലറ്റാകിയ, ടാർട്ടസ് നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അക്രമം. അസദിനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷം ഉള്ള മേഖലയിലാണ് ഈ നഗരങ്ങൾ.
സുന്നികൾക്കു ബഹുഭൂരിപക്ഷമുള്ള സിറിയയിൽ, ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് അസദ് കുടുംബം. ബഷാർ അസദിന്റെ പതനത്തിനു ശേഷം അലവി വിഭാഗത്തിനു നേർക്ക് വ്യാപക അക്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായാണു സംഘർഷവും ഉണ്ടായത്. അസദിന്റെ ജന്മനഗരമായ ഖ്വർദയും സമീപത്തെ അലവി ഗ്രാമങ്ങളും സിറിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല.
സംഘർഷ മേഖലകളിലേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായി സൈനികവൃത്തങ്ങൾ പറഞ്ഞു. ഹയാത്ത് തഹ്‌രീർ അൽ ശാമിന്റെ നേതൃത്വത്തിൽ (എച്ച്ടിഎസ്) അസദിനെ പുറത്താക്കിയതിനു ശേഷം നടക്കുന്ന ഏറ്റുമുട്ടലുകളിൽ ഏറ്റവും രൂക്ഷമായതാണ് ഇപ്പോഴത്തേത്. അലവി വിഭാഗത്തെ അക്രമിക്കില്ലെന്നു എച്ച്ടിഎസ് കേന്ദ്രങ്ങൾ പറയുമ്പോഴും പലയിടത്തും അക്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. ലറ്റാകിയ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. റോഡരികിൽ വെടിയേറ്റ ആളുകളുടെ മൃതദേഹങ്ങൾ നിരത്തിക്കിടത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതു കൊല്ലപ്പെട്ട അലവി വിഭാഗത്തിൽപെട്ടവരുടെ ആണെന്ന് മനുഷ്യാവകാശ സംഘടനകൾ സ്ഥിരീകരിച്ചിട്ടുണ്ട്.സിറിയയിലെ സംഘർഷം ഐക്യം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്കു തിരിച്ചടിയാണെന്നു തുർക്കി അഭിപ്രായപ്പെട്ടു.