കാബൂൾ: സ്ത്രീകൾക്ക് മൗലികാവകാശങ്ങൾ നിഷേധിക്കരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യർത്ഥന ആവർത്തിച്ച് തള്ളി താലിബാൻ. അന്താരാഷ്ട്ര വനിതാ ദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് നിലപാട് ആവർത്തിച്ചത്. അഫ്ഗാൻ സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യവും അനുസരിച്ച്, രാജ്യത്ത് സ്ത്രീകളുടെ മൗലികാവകാശങ്ങൾ ഇപ്പോൾത്തന്നെ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് താലിബാൻ വാദിക്കുന്നു.
പാശ്ചാത്യ സമൂഹങ്ങളിൽ നിന്ന് വ്യത്യാസങ്ങളുള്ള ഇസ്ലാമിക, അഫ്ഗാൻ സമൂഹത്തിൽ ഇതിൽ കൂടുതൽ പരിഗണന സ്ത്രീകൾക്ക് നൽകാൻ കഴിയില്ലെന്ന സൂചനയും താലിബാൻ നൽകുന്നു. ലക്ഷക്കണക്കിന് അഫ്ഗാൻ വനിതകളുടെ വിദ്യാഭ്യാസവും പൗരാവകാശങ്ങളും താലിബാൻ ഭരണകൂടം റദ്ദാക്കിയിരിക്കുക ആണ്. സ്ത്രീകൾക്ക് പുറത്തിറങ്ങാനോ പെൺകുട്ടികൾക്ക് പഠിക്കാനോ അനുവാദം ഇല്ല. ഇതിനെതിരെ വിവിധ രാജ്യങ്ങൾ പല ഘട്ടങ്ങളിലും പ്രതിഷേധം അറിയിച്ചിരുന്നു.
അത്തരം പ്രതികരണങ്ങൾ ഒന്നും തങ്ങൾ കണക്കാക്കുന്നില്ല എന്ന നിലപാടാണ് താലിബാൻ ഇപ്പോൾ അവർത്തിച്ചിരിക്കുന്നത്. അഫ്ഗാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ രംഗത്തിറങ്ങാൻ മുസ്ലീം നേതാക്കളോട് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി ആഹ്വാനം ചെയ്തിരുന്നു.
ഇസ്ലാമാബാദിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് മലാല ഇക്കാര്യം പറഞ്ഞത്. താലിബാൻ സ്ത്രീകളെ മനുഷ്യരായി കാണുന്നില്ലെന്ന് അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങളെ താലിബാൻ അടിച്ചമർത്തുന്നതിനെ അപലപിച്ചുകൊണ്ട് യൂസഫ്സായി പറഞ്ഞു.