ട്രംപിന്റെ പ്രതികാരം യുഎസ് ക്യാംപസിലേക്കും; പലസ്തീൻ പ്രക്ഷോഭം നയിച്ച വിദ്യാ‍ർഥി അറസ്റ്റിൽ

Advertisement

ന്യൂയോർക്ക്: യുഎസിലെ കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭത്തിനു ചുക്കാൻ പിടിച്ച വിദ്യാർഥി മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തു. ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇമിഗ്രേഷൻ വിഭാഗത്തിന്റെ പരിശോധനയും അറസ്റ്റും. സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് വിഭാഗത്തിലെ വിദ്യാർഥിയായ ഖലീലിനെ ക്യാംപസിലെ താമസസ്ഥലത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥി പ്രക്ഷോഭത്തെ നേരിടുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൊളംബിയ സർവകലാശാലയ്ക്കുള്ള 40 കോടി ഡോളർ സഹായം ട്രംപ് കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

ഹമാസ് അനുകൂലികളുടെ വീസയും ഗ്രീൻ കാർഡും റദ്ദാക്കി അവരെ തിരിച്ചയയ്ക്കുമെന്ന് ഖലീലിന്റെ അറസ്റ്റിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഹമാസിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതിനാണ് ഖലീലിനെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ ഏജൻസിയും വ്യക്തമാക്കി.

പലസ്തീനെ അനുകൂലിച്ചും യുഎസ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെയും നിരവധി ക്യാംപസുകളിൽ മാസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾ നടന്നിരുന്നു.

സിറിയയിലെ പലസ്തീൻ അഭയാർഥി ക്യാംപിൽ വളർന്ന ഖലിൽ ബെയ്റൂട്ടിലെ ബ്രിട്ടിഷ് എംബസിയിൽ ജോലി ചെയ്തിട്ടുണ്ട്. യുഎസിൽ സ്ഥിരതാമസത്തിന് അനുമതിയുള്ള ഖലീലിന്റെ ഭാര്യയ്ക്ക് യുഎസ് പൗരത്വമാണുള്ളത്. ഭാര്യ എട്ട് മാസം ഗർഭിണിയാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ പൗരാവകാശ സംഘടനകൾ അപലപിച്ചു. ഖലീലിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ന്യൂയോർക്ക് സിവിൽ ലിബർട്ടീസ് യൂണിയൻ പറഞ്ഞു. അറസ്റ്റ് വാറന്റുമായി വരുന്ന പൊലീസിനോട് എങ്ങനെ പെരുമാറണമെന്ന് നിർദേശിച്ച് ഏതാനും ദിവസം മുൻപ് സർവകലാശാല നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിനു മുന്നിൽ സർവകലാശാലകൾ കീഴടങ്ങുകയാണെന്ന് സ്റ്റുഡന്റ് വർക്കേഴ്സ് ഓഫ് കൊളംബിയ ആരോപിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here