ക്വറ്റ (പാക്കിസ്ഥാൻ) ∙ പാക്കിസ്ഥാനിൽനിന്ന് ബലൂചിസ്ഥാൻ പ്രവിശ്യ സ്വതന്ത്രമാക്കാൻ പോരാടുന്ന സായുധസംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ ആക്രമിച്ച് ബന്ദികളാക്കിയവരിൽ 80 പേരെ മോചിപ്പിച്ചതായി ‘റേഡിയോ പാക്കിസ്ഥാൻ’ റിപ്പോർട്ട് ചെയ്തു. സൈന്യം ഇടപെട്ടാൽ ബന്ദികളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ, ഈ ഭീഷണി അവഗണിച്ച് പാക്ക് സൈന്യം വ്യോമാക്രമണം നടത്തി. ആകെ 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരുന്നത്. ബന്ദികളിൽ പാക്ക് സൈന്യം, പൊലീസ്, ഭീകര വിരുദ്ധ സേന (എടിഎഫ്), പാക്ക് ചാരസംഘടന ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) എന്നിവയുടെ ഉദ്യോഗസ്ഥരുമുണ്ടെന്നാണു വിവരം. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പൗരരെയും വിട്ടയച്ചതായി ബിഎൽഎ വ്യക്തമാക്കി.
30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്നു. ഒട്ടേറെ യാത്രക്കാർക്കു പരുക്കേറ്റു. പാക്ക് സൈന്യവുമായുള്ള പോരാട്ടത്തിൽ 13 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽനിന്ന് വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്സ്പ്രസാണ് മഷ്കഫ് തുരങ്കത്തിൽ ആക്രമിക്കപ്പെട്ടത്. ബിഎൽഎയുടെ ചാവേർസംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ഇന്നലെ രാവിലെ ഒൻപതിനു പുറപ്പെട്ട 9 കോച്ചുള്ള ട്രെയിനിൽ അഞ്ഞൂറിലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. മലനിരകൾക്കിടയിലൂടെയുള്ള പാതയിൽ 17 തുരങ്കങ്ങളുണ്ട്. എട്ടാമത്തെ തുരങ്കത്തിന്റെ കവാടത്തിൽ സായുധസംഘം ട്രെയിനിനു നേരെ വെടിവച്ച് യാത്രക്കാരെ ബന്ദികളാക്കുകയായിരുന്നു. ലോക്കോപൈലറ്റിനു ഗുരുതരമായി പരുക്കേറ്റു. പാക്ക് സൈന്യത്തിന്റെ ഡ്രോണും സംഘം വെടിവച്ചിട്ടു. ട്രെയിൻ തുരങ്കത്തിനുള്ളിൽ അകപ്പെട്ട നിലയിലാണ്.
അതിർത്തി പ്രവിശ്യ; മുൻപേ അശാന്തം
വിസ്തൃതിയിൽ പാക്കിസ്ഥാന്റെ മൂന്നിൽ രണ്ടോളം വരുന്ന മേഖലയാണ് ബലൂചിസ്ഥാൻ. എന്നാൽ, പാക്ക് ജനസംഖ്യയുടെ അഞ്ചിലൊന്നേ ഇവിടെയുള്ളൂ. പ്രകൃതിവാതക നിക്ഷേപവും ധാതുക്കളും കൊണ്ടു സമ്പന്നമായ മേഖലയെ സർക്കാർ ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് കാൽ നൂറ്റാണ്ടു മുൻപാണ് ബിഎൽഎ സജീവമാകുന്നത്. മുൻപും ഇവിടെ ട്രെയിനുകൾക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.