ജിദ്ദയിൽ നടന്ന യുക്രെയിൻ-യു. എസ് ചർച്ചയിലാണ് 30 ദിവസത്തെ വെടിനിർത്തലിന് യുക്രെയിൻ സമ്മതം അറിയിച്ചത്. യുക്രെയിനുള്ള മാനുഷിക സഹായം തുടരുമെന്ന് ചർച്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഇന്നലെ ഉച്ച മുതൽ രാത്രി വരെ നീണ്ടു ജിദ്ദയിൽ നടന്ന അമേരിക്ക-യുക്രെയിൻ ചർച്ച. റഷ്യ-യുക്രെയിൻ സമാധാനത്തിനായി സൌദിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പ്രതീക്ഷിച്ച പോലെ ഫലം കാണുന്നതായി സംയുക്ത പ്രസ്താവന പറയുന്നു. 30 ദിവസത്തെ വെടിനിർത്തലിനുള്ള അമേരിക്കയുടെ നിർദേശം യുക്രെയിൻ അംഗീകരിച്ചു. വെടിനിർത്തലിന് റഷ്യയുടെ കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇടക്കാല വെടിനിർത്തൽ നീട്ടാനുള്ള സാധ്യതയ്ക്കും യുക്രെയിൻ സമ്മതം അറിയിച്ചിട്ടുണ്ട്. യുക്രെയിനുള്ള സുരക്ഷാ സൈനിക സഹായങ്ങൾ അമേരിക്ക പുനരാരംഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കൽ അമേരിക്ക പുനരാരംഭിക്കും. യുക്രെയിനിൽ മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരും. യുദ്ധ തടവുകാരുടെ കൈമാറ്റവും സിവിലിയൻ തടവുകാരുടെ മോചനവും ഉണ്ടാകും. യൂറോപ്യന് രാജ്യങ്ങളും ചർച്ചയുടെ ഭാഗമാകണമെന്ന ആവശ്യം യുക്രെയിൻ മുന്നോട്ട് വെച്ചിട്ടുണ്ട്.
സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ , സൌദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസായിദ് അൽ ഐബാൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചർച്ച. അമേരിക്കയുടെ ഭാഗത്ത് നിന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാട്ട്സ് തുടങ്ങിയവരും യുക്രെയിന്റെ ഭാഗത്ത് നിന്ന് പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആൻട്രി യേർമക്, വിദേശകാര്യ മന്ത്രി ആൻട്രി സിഫ, പ്രതിരോധ മന്ത്രി റുസ്താം ഉമാറോവ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച യുക്രെയിൻ പ്രസിഡന്റ് വ്ളാദമിർ സെലൻസ്കി ജിദ്ദയിലെത്തി സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.