കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്കുള്ള സുനിത വില്യംസ് അടക്കമുള്ളവരുടെ തിരിച്ചുവരവ് ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിൻറെയും സംഘത്തിൻറെയും മടങ്ങിവരവ് നീളുന്നത്.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. അടുത്ത ശ്രമം എന്ന് നടത്തുമെന്ന് സ്പേസ് എക്സും നാസയും അറിയിച്ചിട്ടില്ല. സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം വൈകുന്നതിന് അനുസരിച്ച് സുനിത വില്യംസ് അടക്കം ക്രൂ 9 സംഘാംഗങ്ങളുടെ തിരിച്ചുവരവും വൈകും.
2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിൽ കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സ്റ്റാർലൈനറിൻറെ പ്രൊപൽഷൻ സംവിധാനത്തിലെ തകരാറും ഹീലിയും ചോർച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവർക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാർലൈനറിൻറെ അപകട സാധ്യത മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവച്ചു. തുടർന്ന് സ്റ്റാർലൈനറിനെ ആളില്ലാതെ ന്യൂ മെക്സിക്കോയിൽ 2024 സെപ്റ്റംബർ 7ന് ലാൻഡ് ചെയ്യിക്കുകയാണ് നാസയും ബോയിംഗും ചെയ്തത്. ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഐഎസ്എസിൽ തുടരേണ്ടിവരികയായിരുന്നു. ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം പൂർത്തിയാക്കിയ വനിതയെന്ന ലോക റെക്കോർഡ് ഇതിനിടെ സുനിത വില്യംസ് സ്ഥാപിക്കുകയും ചെയ്തു.
സ്പേസ് എക്സിൻറെ ഡ്രാഗൺ പേടകത്തിൽ മാർച്ച് 16ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു പ്രതീക്ഷ. സുനിതയ്ക്കൊപ്പം കഴിഞ്ഞ വർഷം ജൂണിൽ ഐഎസ്എസിലേക്ക് തിരിച്ച നാസയുടെ തന്നെ ബുച്ച് വിൽമോറും, നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിൻറെ അലക്സാണ്ടർ ഗോർബനോവും ഡ്രാഗൺ പേടകത്തിൻറെ മടക്കയാത്രയിലുണ്ടാവും. എന്നാൽ ഈ നാൽവർ സംഘത്തിൻറെയും മടക്കം സ്പേസ് എക്സിൻറെ ക്രൂ-10 ദൗത്യം ഭൂമിയിൽ നിന്ന് യാത്രതിരിക്കുന്നത് അനുസരിച്ചിരിക്കും. സ്പേസ് എക്സിൻറെ ക്രൂ-10 ദൗത്യം വൈകിയതോടെ സുനിത വില്യംസിന്റെ മടങ്ങിവരും വൈകും.