ശരീരത്തില്‍ മുറിവേറ്റാല്‍ വേദന ഇല്ല, ഉറക്കമോ വിശപ്പോ ഒന്നും ഇല്ല…. അദ്ഭുതമാവുകയാണ് ഒലീവിയ

Advertisement

ശരീരത്തില്‍ മുറിവേറ്റാല്‍ വേദന അറിയാത്ത ഒരാളുണ്ട്. ലോകത്തിന് മുഴുവന്‍ അത്ഭുതമായ ബാലിക. വേദന അറിയില്ലെന്ന് മാത്രമല്ല, വിശപ്പും ദാഹവും ക്ഷീണവും എന്താണെന്ന് ഒലീവിയ ഫാന്‍സ്വര്‍ത്തിന് ഇതുവരെയും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല.
വൈദ്യശാസ്ത്രം അമ്പരപ്പോടെ നോക്കിക്കാണുന്ന കുട്ടിയാണ് ഒലീവിയ. യു.കെയിലെ ഹഡേഴ്സ്ഫീല്‍ഡ് സ്വദേശിനിയായ ഒലിവിയ ഫാന്‍സ്വര്‍ത്ത് അങ്ങനെ വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
വേദന മാത്രമല്ല, ഉറക്കമോ വിശപ്പോ ഒന്നും ഒലിവിയയെ അലട്ടില്ല. ഈ മൂന്ന് അവസ്ഥകളും ഒരേപോലെ അനുഭവപ്പെടാത്ത ലോകത്തെ ഒരേയൊരാള്‍ കൂടിയാണ് ഒലിവിയയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രോമസോം 6പി ഡിലീഷന്‍ എന്ന രോഗാവസ്ഥയാണ് ഒലിവിയ നേരിടുന്നത്. ശരീരത്തിലെ ആറാമത് ക്രോമസോമിന്റെ ഒരു ഭാഗത്തിന്റെ അസാന്നിധ്യമാണ് ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നത്.
കുഞ്ഞായിരിക്കുമ്പോഴും വിശക്കുന്നതിന്റെ സൂചനകളൊന്നും ഒലിവിയ പ്രകടിപ്പിക്കുകയോ ഭക്ഷണം മതിയായ തോതില്‍ കഴിക്കുകയോ ചെയ്തിരുന്നില്ല. ഏഴ് വയസ്സ് പ്രായമുള്ളപ്പോള്‍ ഒലിവിയയെ ഒരു കാര്‍ ഇടിച്ചിരുന്നു. എന്നാല്‍, കാര്‍ ഇടിച്ച ശേഷവും തനിക്ക് ഒന്നും സംഭവിക്കാത്തതുപോലെയാണ് ഒലിവിയ പെരുമാറിയതെന്ന് ഒലിവിയയുടെ അമ്മ നിക്കി ട്രേപാക്ക് പറയുന്നു. ചെറിയ പരിക്കുകള്‍ അന്നുണ്ടായിരുന്നെങ്കിലും ഒലിവിയ വേദന പ്രകടിപ്പിച്ചിരുന്നില്ല. തുടര്‍ന്നാണ് ഒലിവിയയുടെ രോഗാവസ്ഥ സ്ഥിരീകരിക്കുന്നത്.
ഈ രോഗാവസ്ഥയില്‍ ഏറ്റവും ആശങ്കയുണര്‍ത്തുന്ന ഘടകം ഒലിവിയയ്ക്ക് വേദനയറിയാനുള്ള ശേഷിയില്ലെന്നതാണ്. പരിക്ക് എത്ര ഗുരുതരമായാലും വേദന ഒലിവിയയെ കീഴ്പ്പെടുത്തില്ല. അതിനാല്‍ ഒലിവിയയുടെ മാതാപിതാക്കള്‍ ഏറെ ശ്രദ്ധയോടെയാണ് കുട്ടിയെ കൈകാര്യംചെയ്യുന്നത്.
വിശപ്പ് ഇല്ലാത്തതിനാല്‍, പോഷകഹാരത്തിന്റെ കുറവുണ്ടാകാതിരിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ ഒലിവിയ്ക്ക് അമ്മ ഭക്ഷണം നല്‍കും. ഉറക്കമാണ് ഒലിവിയ നേരിടുന്ന മറ്റൊരു വെല്ലുവിളി. മരുന്നുകളുടെ സഹായമില്ലാതെ ഒലിവിയയ്ക്ക് ഉറങ്ങാന്‍ സാധിക്കുകയില്ല. മരുന്നുകളുടെ സഹായമില്ലെങ്കില്‍ മൂന്നുദിവസംവരെ ഒലിവിയ ഉണര്‍ന്നിരിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here