വാഷിങ്ടൻ: ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് വീസ റദ്ദാക്കപ്പെട്ടതിനു പിന്നാലെ യുഎസിൽ നിന്ന് സ്വയം നാടുകടന്ന് ഇന്ത്യൻ വിദ്യാർഥി. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥി രഞ്ജനി ശ്രീനിവാസനാണ് കടുത്ത നടപടികൾക്ക് പിന്നാലെ രാജ്യം വിടാൻ നിർബന്ധിതയായത്. ഹമാസിന്റെ നയങ്ങളെ പിന്തുണച്ചെന്നും പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നും ആരോപിച്ചാണ് രഞ്ജനിയുടെ വീസ യുഎസ് റദ്ദാക്കിയത്. യുഎസിൽ തുടരാനാവാതെ വന്നതോടെ, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) സിബിപി ആപ് ഉപയോഗിച്ച് രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജനി അറിയിക്കുകയായിരുന്നു.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുള്ള നടപടികൾ കടുപ്പിച്ചതിനു പിന്നാലെ മാർച്ച് 10നാണ് ഡിഎച്ച്എസ് സിബിപി ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. വീസ റദ്ദാക്കപ്പെടുന്നവർക്ക്, നാടു കടത്തപ്പെടാൻ തങ്ങൾ തയാറാണെന്ന് ഈ ആപ്പ് വഴി അറിയിക്കാൻ കഴിയും. നിയമം അനുശാസിക്കുന്ന ശിക്ഷ ഒഴിവാക്കി ഏറ്റവും സുരക്ഷിതമായി മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള വഴിയായാണ് യുഎസ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
‘‘യുഎസിൽ താമസിക്കാനും പഠിക്കാനും വീസ ലഭിച്ചത് അംഗീകാരമാണ്. അക്രമത്തിനും ഭീകരതയ്ക്കും പുറകെ പോകുമ്പോൾ വീസ റദ്ദാക്കേണ്ടതു ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഹമാസിനെ പിന്തുണച്ചവരിൽ ഒരാൾ സ്വയം നാടുകടത്താൻ സിബിപി ഹോം ആപ്പ് ഉപയോഗിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.’’– രഞ്ജനി നാടുകടത്തപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം എക്സിൽ പ്രതികരിച്ചു. യുഎസിലെ ക്യാംപസുകളിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭരണകൂടം വിദേശ വിദ്യാർഥികളുടെ മേൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് രഞ്ജനി നാടുകടത്തപ്പെട്ടത്.