വെളുത്ത മേലങ്കി, പർപ്പിൾ ഷാൾ; ആശുപത്രിയിൽ വീൽചെയറിൽ ഇരുന്നു പ്രാർഥനയോടെ മാർപാപ്പ

Advertisement

വത്തിക്കാൻ സിറ്റി: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. ക്രൂശിത രൂപത്തിനു മുന്നിൽ മാർപാപ്പ പ്രാർഥിക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. വെളുത്ത മേലങ്കിയും പർപ്പിൾ ഷാളും ധരിച്ച്, വീൽചെയറിൽ ഇരുന്നാണ് മാർപാപ്പ പ്രാർഥിക്കുന്നത്. റോമിലെ ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ച ശേഷം പുറത്തുവന്ന ആദ്യ ചിത്രമാണ്. ജമേലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്‍റിന്‍റെ ചാപ്പലിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു എന്ന കുറിപ്പോടെയാണ് വത്തിക്കാൻ ചിത്രം പങ്കുവച്ചത്.

ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയ്ക്ക് തുടർച്ചയായി അഞ്ചാം ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ആ‍ഞ്ചലൂസ് പ്രാർഥനയിൽ പങ്കെടുക്കാനായിരുന്നില്ല. ലോകമെങ്ങും നിന്നെത്തുന്ന വിശ്വാസികൾക്കായി ഞായറാഴ്ചകളിൽ മാർപാപ്പ പൊതുവേദിയിൽ ചൊല്ലുന്ന പ്രാർഥന, എഴുതിനൽകിയത് ഇന്നലെയും വായിക്കുകയായിരുന്നു. വത്തിക്കാനിലെത്തുന്ന തീർഥാടകർ 15 മിനിറ്റ് ട്രെയിൻ യാത്ര ചെയ്ത് മാർപാപ്പ ചികിത്സയിലുള്ള ജമേലി ആശുപത്രി കവാടം സന്ദർശിച്ചാണു മടങ്ങുന്നത്.

തന്റെ സൗഖ്യത്തിനായി കുട്ടികളടക്കം ഒരുപാടുപേർ പ്രാർഥിക്കുന്നുണ്ടെന്നും ആശുപത്രിക്കു മുന്നിൽ അവരെത്തിയത് തന്നോടുള്ള അടുപ്പത്തിന്റെ അടയാളമാണെന്നും മാർപാപ്പ ഞായറാഴ്ച സന്ദേശത്തിൽ പറഞ്ഞു. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്നു വത്തിക്കാൻ അറിയിച്ചു. ഓക്സിജൻ തെറപ്പി തുടരുന്നു. രാത്രി വെന്റിലേറ്റർ ഉപയോഗിക്കുന്നത് കുറച്ചു. ശ്വാസകോശങ്ങൾ രോഗമുക്തമാകുന്നത് ഏറ്റവും പുതിയ എക്സ്റേയിൽ വ്യക്തമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here