വാഷിംഗ്ടൺ: യുഎസ് ഗവൺമെന്റിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന വോയ്‌സ് ഓഫ് അമേരിക്കയിൽ കൂട്ടപ്പിരിച്ചു വിടൽ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റാണ് പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മെയിൽ വഴിയാണ് സന്ദേശമെത്തിയത്. മാർച്ച് അവസാനത്തോടെ പിരിഞ്ഞു പോകണമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്.
മാർച്ച് അവസാനം മുതൽ ജോലി നിർത്തണമെന്നും ഏജൻസി കെട്ടിടങ്ങളിലേക്ക് പ്രവേശിക്കരുതെന്നും സിസ്റ്റം ഉപയോഗിക്കാൻ അനുവാദമില്ലെന്നും ഇ-മെയിൽ സന്ദേശം ലഭിച്ചതായി പ്രമുഖ വാർത്താ ഏജൻസിയായ എഎഫ്പി സ്ഥിരീകരിച്ചിട്ടുണ്ട്.
വോയ്സ് ഓഫ് അമേരിക്കയുടെ തൊഴിലാളികളിൽ ഭൂരിഭാഗവും കരാർ തൊഴിലാളികളാണ്. ഇംഗ്ലീഷ് ഇതര ഭാഷാ സേവനങ്ങളിലെ സ്റ്റാഫുകളാണ് കരാർ തൊഴിലാളികളിൽ കൂടുതലും. പല കരാറുകാരും യുഎസ് പൗരന്മാരല്ല. പിരിച്ചു വിടൽ തുടരുമ്പോൾ അവരിൽ ഭൂരിഭാഗവും സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ട അവസ്ഥയും വന്നേക്കാം.
അതേ സമയം നിയമ പരിരക്ഷകളുള്ള സ്ഥിര ജീവനക്കാരായ തൊഴിലാളികൾക്കൊന്നും ഇത് വരെ ഇ- മെയിൽ സന്ദേശം ലഭിച്ചിട്ടില്ല. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ തുടരാനും ജോലി ചെയ്യരുതെന്ന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യമില്ലാത്ത 49 ഭാഷകളിൽ വാർത്തകൾ എത്തിക്കുവാനായി രണ്ടാം ലോകമഹായുദ്ധകാലത്താണ് വോയ്സ് ഓഫ് അമേരിക്ക എന്ന ഏജൻസി ആരംഭിക്കുന്നത്.