എല്ലാത്തരം യാത്രകളും വിനോദങ്ങളും വിലക്കി ഇന്തൊനേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ബാലി. മാർച്ച് 29 നാണ് എല്ലാത്തരം യാത്രകൾക്കും വിനോദങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അന്നേദിവസം രാജ്യം നെയ്പൈ അഥവാ നിശ്ശബ്ദതയുടെ ഹൈന്ദവ ദിവസം ആചരിക്കുകയാണ്.
ഈ രാജ്യത്തിന്റെ പുതുവർഷമായി കണക്കാക്കുന്നത് ഈ ദിവസമാണ്. ബാലിനീസ് നിശബ്ദ ദിനം എന്നറിയപ്പെടുന്ന നെയ്പൈ ബാലിയിലെ ഹിന്ദുക്കൾക്ക് പവിത്രമായ ദിവസമാണ്. ബാലിയിലുള്ള എല്ലാവരും അവരുടെ വിശ്വാസം പരിഗണിക്കാതെ ഈ പാരമ്പര്യത്തെ മാനിക്കുമെന്നാണ് കരുതുന്നത്.
നെയ്പൈക്ക് മുമ്പുള്ള ദിവസങ്ങളിൽ ഗതാഗതകുരുക്ക് വളരെ കൂടുതലായിരിക്കാമെന്നും അതുകൊണ്ട് വിനോദസഞ്ചാരികളും യാത്രക്കാരും അവരുടെ യാത്രാപദ്ധതികൾ അതിന് അനുസരിച്ച് ആസൂത്രണം ചെയ്യണമെന്നും ബാലി ട്രാൻസ്പോർട്ടേഷൻ ഏജൻസി മേധാവി ഐജിഡബ്ല്യൂ സാംസി ഗുണാർത പറഞ്ഞു. ഈ വർഷം നെയ്പൈയും ഈദ് – ഉൽ- ഫിത്തറും ഒരേ വാരാന്ത്യത്തിൽ ആണ് വരുന്നത്. ലക്ഷക്കണക്കിന് ആഭ്യന്തര വിനോദസഞ്ചാരികൾ രാജ്യത്തുടനീളം സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇന്തൊനേഷ്യയിൽ ഈദ് – ഉൽ – ഫിത്തർ അവധി ലെബറാൻ എന്നാണ് അറിയപ്പെടുന്നത്.
പ്രകാശ മലിനീകരണം കുറവായതിനാൽ തന്നെ നക്ഷത്ര നിരീക്ഷണത്തിനു പറ്റിയ ദിവസമായാണ് നെയ്പൈ കണക്കാക്കുന്നത്. വാഹനങ്ങൾ കുറവായതിനാൽ ആ ദിവസത്തെ അന്തരീക്ഷം പൊതുവേ ശാന്തമായിരിക്കും. തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി സമാധാനപരമായ അന്തരീക്ഷത്തിൽ കുറച്ചു സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ദിവസമാണ് നെയ്പൈ.
എന്താണ് നെയ്പൈ ?
ഇന്തൊനേഷ്യയിലെ ബാലിയിലെ എല്ലാ വർഷവും ആചരിക്കുന്ന ഒരു ഹിന്ദു അവധി ദിവസമാണ് നെയ്പൈ. നിശ്ശബ്ദതയും ഉപവാസവും ധ്യാനവുമാണ് ഈ ദിവസത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ബാലിനീസ് സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായും ഇത് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ പുരാതന ഹൈന്ദവ സംസ്കാരത്തിൽ നിന്നാണ് നെയ്പൈ ഉടലെടുത്തത്. ഹിന്ദു പുതുവത്സരമായാണ് ഇത് കണക്കാക്കുന്നത്. ഹിന്ദു പുരാണം അനുസരിച്ച് ഭഗവാൻ കൃഷ്ണൻ നരകാസുരനുമേൽ വിജയം നേടിയ ദിവസമാണ് നെയ്പൈ ആയി ആചരിക്കുന്നത്.
നെയ്പൈ ദിനം
പതിനാലാം നൂറ്റാണ്ടിലാണ് ബാലിയിൽ ആദ്യമായി നെയ്പൈ ആചരിച്ചു തുടങ്ങിയത്. ആ കാലത്ത് മജപതി സാമ്രാജ്യം ആയിരുന്നു ഈ ദ്വീപ് ഭരിച്ചിരുന്നത്. ഇക്കാലത്ത് ബാലിയുടെ രാജാവ് ഒരു ദിവസം എല്ലാവരോടും അവരുടെ വീടുകളിൽ ആയിരിക്കാനും നിശ്ശബ്ദതയും ധ്യാനവും ആചരിക്കാനും പറഞ്ഞു. പൈശാചിക ശക്തിയെ പുറത്താക്കാനാണ് ഇത്തരത്തിൽ ഒരു ആചാരം നടത്തിയത്.
ആത്മപരിശോധനയുടെ ദിനം
നിശ്ശബ്ദതയുടെ മാത്രമല്ല ആത്മപരിശോധനയുടെ ദിനം കൂടിയാണ് നെയ്പൈ. ഈ ദിവസം ബാലിനീസ് ഹിന്ദുക്കൾ ജോലി, വിനോദം, തീ കത്തിക്കൽ, വൈദ്യുതി ഉപയോഗം എന്നിവയെല്ലാം പൂർണമായി ഒഴിവാക്കുന്നു. ദ്വീപ് മുഴുവൻ 24 മണിക്കൂറും അടച്ചിടുന്നു. റോഡിൽ കാറുകളില്ല, ശബ്ദമലിനീകരണവും ഇല്ല. ദൈനം ദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒരു ഇടവേളയ്ക്കും അവനവനോട് തന്നെയും പ്രകൃതിയുമായും ബന്ധപ്പെടാനുള്ള ഒരു അവസരവുമായാണ് നെയ്പൈ ദിനം ആചരിക്കുന്നത്.
ബാലിയുടെ സംസ്കാരത്തെ പറ്റി അറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് നെയ്പൈ ഒരു ആകർഷകമായ പരിപാടിയാണ്. ഇവിടെ എത്തുന്ന സന്ദർശകർക്ക് ബാലിനീസ് സംസ്കാരവും ആത്മീയതയും അനുഭവിക്കാൻ ഇത് അവസരം നൽകുന്നു.