ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദീർഘ വാസത്തിന് ശേഷം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്രൂ 9 സംഘം ഭൂമിയിൽ. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം ഫ്ലോറിഡയിലെ കടലിൽ സ്പ്ലാഷ്ഡൗൺ ചെയ്തു. നാസയുടെ നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിൻ്റെ ബഹിരാകാശ യാത്രികൻ അലക്സാണ്ടർ ഗോർബനോവ് എന്നിവർക്കൊപ്പമാണ് 17 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ സുനിതയും ബുച്ചും ഭൂമിയിൽ എത്തിയത്.
നാലംഗ സംഘത്തെയും വഹിച്ചുള്ള പേടകത്തിൻ്റെ ഡി ഓർബിറ്റ് ജ്വലനത്തിന് ഇന്ത്യൻ സമയം പുലർച്ചെ 2:41ന് തുടക്കമായി. 2:49 ഡി ഓർബിറ്റ് ജ്വലനം അവസാനിച്ചു. തൊട്ടുപിന്നാലെ, 3:10ന് തങ്ങൾ സുരക്ഷിതമാണെന്ന് കമാൻഡർ നിക്ക് ഹേഗിൻ്റെ അറിയിപ്പ്. 3:20ന് പേടകം ഭൂമിയിലേക്ക്. 3:24ന് പേടകത്തിൻ്റെ വേഗത കുറച്ച് മെയിൻ പാരച്യൂട്ട് തുറന്നു. 3:27ന് പേടകം കടലിൽ ലാൻഡ് ചെയ്യുന്ന സ്പ്ലാഷ്ഡൗൺ നടന്നു. ഡി ഓർബിറ്റ് ജ്വലനം നടന്ന് 44 മിനിറ്റുകൾക്കിപ്പുറമായിരുന്നു സ്പ്ലാഷ്ഡൗൺ.
നാസയുടെ ബോട്ടുകൾ പേടകത്തെ കയറുമായി ബന്ധിച്ച് റിക്കവറി ബോട്ടിലേക്ക് അടുപ്പിച്ചു. 4:08ന് പേടകത്തിൻ്റെ വാതിൽ തുറന്നു. തുടർന്ന്, നാല് യാത്രികരും സുരക്ഷിതരെന്ന് അറിയിപ്പ്. 4:18ന് നിക്ക് ഹേഗ് പുറത്തിറങ്ങി. 4:20ന് അലക്സാണ്ടർ ഗോർബനോവ്, 4:22ന് സുനിത വില്യംസ്, തൊട്ടുപിന്നാലെ ബുച്ച് വിൽമോർ എന്നിവരും പുറത്തിറങ്ങിയതോടെ ഡ്രാഗൺ പേടകം ദൗത്യം സുരക്ഷിതമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് വാക്ക് പാലിച്ചുവെന്നും വൈറ്റ് ഹൗസ് എക്സിലൂടെ അറിയിച്ചു.