വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്റർ സഹായമില്ലാതെ അദ്ദേഹത്തിന് ശ്വസിക്കാൻ കഴിയുന്നുവെന്നു വത്തിക്കാൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ പൂർണമായും മാറിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ മാസം 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈയിടെ പാപ്പാ ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർത്ഥന നടത്തുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തു വിട്ടിരുന്നു. മാർപാപ്പ വെളുത്ത മേലങ്കിയും പർപ്പിൾ ഷാളും ധരിച്ച്, വീൽചെയറിൽ ഇരുന്ന് പ്രാർത്ഥന നടത്തുന്നതായിരുന്നു പുറത്തു വന്ന ചിത്രം. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം കഴിഞ്ഞ ആഴ്ച വത്തിക്കാൻ പുറത്തുവിട്ടിരുന്നു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ രാത്രി പ്രാർത്ഥനയ്ക്കിടെയാണ് പോപ്പിന്‍റെ ശബ്ദസന്ദേശം കേൾപ്പിച്ചത്. പോപ്പിന് നിലവിൽ ശ്വാസതടസമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരും.