ജറുസലേം: ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സർവൈലൻസ് ആന്റ് ടാർഗറ്റിങ് യൂണിറ്റിന്റെ കൂടി മേധാവിയായ ഒസാമ താബാഷിനെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്. എന്നാൽ ഇതിനോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസവും ഗാസയിൽ കൂടുതൽ ആക്രമണം നടത്തിയ ഇസ്രയേൽ, അവിടുത്തെ ഒരേയൊരു ക്യാൻസർ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടം തകർത്തു. തുർക്കിഷ് – പലസ്തീനിയൻ ഫ്രണ്ട്ഷിപ്പ ആശുപത്രിയാണ് വെള്ളിയാഴ്ച തകർത്തത്. നേരത്തെ 17 മാസം നീണ്ട ആക്രമണത്തിനിടെ ഈ ആശുപത്രി ഇസ്രയേലിന്റെ നിയന്ത്രണത്തിലായിരുന്നു. ഈയാഴ്ച ഹമാസുമായുള്ള വെടിനിർത്തൽ കരാർ അവഗണിച്ച് വീണ്ടും ആക്രമണം തുടങ്ങിയ ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം ഈ മേഖല തിരിച്ചുപിടിക്കുകയും ആശുപത്രി തകർക്കുകയുമായിരുന്നു.
ആശുപത്രി തകർത്ത കാര്യം ഇസ്രയേൽ സൈന്യം തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. യുദ്ധസമയത്ത് ഡോക്ടർമാർക്കും രോഗികൾക്കും ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കാത്ത തരത്തിലായിരുന്നു ആശുപത്രിയെന്നും അവിടെ ഹമാസ് പ്രവർത്തകരാണ് അവിടെ ഉണ്ടായിരുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം. അതേസമയം ഇസ്രയേൽ സൈന്യം ഈ ആശുപത്രിയെ അവരുടെ താവളമായി ഉപയോഗിക്കുകയായിരുന്നു എന്ന് ആശുപത്രി നിർമാണത്തിനും പ്രവർത്തനത്തിനും ധനസഹായം നൽകിയ തുർക്കി അറിയിച്ചു. ഇസ്രയേൽ നടപടിയെ ശക്തമായി അപലപിച്ച തുർക്കി, ഗാസയെ മനുഷ്യവാസം സാധ്യമാവാത്ത സ്ഥലമാക്കി മാറ്റാനും ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കാനും ഇസ്രയേൽ ബോധപൂർവം ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്ന ശേഷം ഒരു മെഡിക്കൽ സംഘം നേരത്തെ ആശുപത്രി സന്ദർശിച്ചിരുന്നതായി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. സാകി അൽ സാഖസൂഖ് പറഞ്ഞു. കാര്യമായ നാശനഷ്ടം ആശുപത്രിക്ക് സംഭവിച്ചതായി മനസിലാക്കി. എന്നാൽ ചില സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നു. നിരവധി രോഗികൾക്ക് പ്രതീക്ഷയായി നിലകൊണ്ടിരുന്ന ആശുപത്രിയെ ബോംബിട്ട് തകർക്കുന്നതിലൂടെ എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.