‘ഞങ്ങളുടെ ഭാവി ഞങ്ങൾ തന്നെ തീരുമാനിക്കും’; ഗ്രീൻലൻഡ് അമേരിക്കയ്ക്കുള്ളതല്ലെന്ന് പുതിയ പ്രധാനമന്ത്രി

Advertisement

നൂക്ക്: ഗ്രീൻലൻഡ് അമേരിക്കയ്ക്ക് ലഭിക്കില്ലെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ജെൻസ് ഫ്രെഡറിക് നീൽസൺ. ഗ്രീൻലൻഡിൻറെ നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഫ്രെഡറിക് നീൽസൺ.

“ഗ്രീൻലൻഡ് അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡൻറ് ട്രംപ് പറയുന്നു. ഞാൻ വ്യക്തമായി പറയട്ടെ. അമേരിക്കയ്ക്ക് ലഭിക്കില്ല. ഞങ്ങൾ മറ്റാരുടെയും സ്വന്തമല്ല. ഞങ്ങളുടെ ഭാവി ഞങ്ങൾ തന്നെയാണ് തീരുമാനിക്കുന്നത്”- നീൽസൺ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

“നമുക്ക് ഗ്രീൻ‌ലൻഡ് ലഭിക്കും. അതെ 100 ശതമാനം ഉറപ്പ്”- എന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. അർദ്ധ സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തിയെന്നും ട്രംപ് പറഞ്ഞു. ഗ്രീൻ‌ലാൻഡിൻറെ വടക്കുള്ള യുഎസ് സൈനിക താവളത്തിൽ സന്ദർശനം നടത്തുന്നതിനിടെ, ദ്വീപ് സുരക്ഷിതമായി സൂക്ഷിക്കാൻ ഡെൻമാർക്ക് ശ്രമിക്കുന്നില്ലെന്ന് യുഎസ് വൈസ് പ്രസിഡൻറ് ജെഡി വാൻസ് കുറ്റപ്പെടുത്തിയിരുന്നു. ദ്വീപ് സംരക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജെ ഡി വാൻസ് ഗ്രീൻലൻഡ് സന്ദർശിച്ച അതേ ദിവസമാണ് ജെൻസ് ഫ്രെഡറിക് നീൽസൺ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തത്. 33കാരനായ നീൽസൺ ഗ്രീൻലൻഡിൻറെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്.

നേരത്തെ കാനഡയെയും ട്രംപ് ലക്ഷ്യമിട്ടിരുന്നു. കാനഡയെ അമേരിക്കയുടെ 51ആം സംസ്ഥാനമാക്കാമെന്നാണ് പറഞ്ഞത്. കാനഡ യുഎസിൽ ലയിച്ചാൽ നികുതികൾ കുറയുമെന്നും റഷ്യയുടെയും ചൈനയുടെയും ഭീഷണിയുണ്ടാവില്ലെന്നുമായിരുന്നു ട്രംപിൻറെ വാഗ്ദാനം. പിന്നാലെ അമേരിക്കയുമായുള്ള പഴയ ബന്ധം പൂർണമായി അവസാനിച്ചെന്ന് പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കുകയുണ്ടായി. സാമ്പത്തികമായും സൈനികമായും ഇനി അമേരിക്കയുമായി യാതൊരു സഹകരണവുമില്ല. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് പരമാവധി ആഘാതമേൽപിക്കും വിധം എതിർ താരിഫുകൾ ചുമത്തുമെന്നും കാർണി അറിയിച്ചു. കാനഡയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്നായിരുന്നു കാർണിയുടെ വാക്കുകൾ.

Advertisement