ഇന്ത്യ 26% ഇറക്കുമതി തീരുവ തരണം; പകരച്ചുങ്കം പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

Advertisement

വാഷിങ്ടണ്‍: ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ പകരച്ചുങ്കം പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

തീരുവക്കാര്യത്തില്‍ താൻ ദയാലുവാണെന്ന് ആവർത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം.

‘ഡിസ്കൗണ്ടുള്ള പകരച്ചുങ്കം’ എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യൻ യൂണിയൻ 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവും പ്രഖ്യാപിച്ചു. ജപ്പാന് 24 ശതമാനമാണ് തീരുവ.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

വർഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ല. അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് ‘വിമോചനദിന’മായി അറിയപ്പെടും. നമുക്ക് മേല്‍ തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് നാം പകരച്ചുങ്കം ചുമത്തുകയാണ്. അവർ നമ്മളോട് ചെയ്തത് നാം തിരിച്ച്‌ ചെയ്യുന്നു അത്രമാത്രം, വൈറ്റ് ഹൗസിലെ റോസ് ഗാർഡനില്‍ വെച്ച്‌ സംസാരിക്കവെ ട്രംപ് പറഞ്ഞു.

10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒൻപതിനുമാണ് പ്രാബല്യത്തില്‍ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം.

Advertisement