ജപ്പാനിരിക്കുന്ന മേഖലയിലുള്ള നാൻകായി ഭൗമഘടനയിൽ വരുംകാലത്ത് ഒരു വമ്പൻ ഭൂചലനമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതുകാരണം വമ്പൻ സൂനാമി പരമ്പര ഉടലെടുക്കാമെന്നും ജാപ്പനീസ് സർക്കാരിന്റെ മുന്നറിയിപ്പ്. 9 തീവ്രത വരെ വരാവുന്ന ഭൂചലനത്തിനുള്ള സാധ്യതയാണ് ജപ്പാൻ മുന്നോട്ടുവച്ചത്. 3 ലക്ഷം പേരുടെ മരണം, 1.81 ട്രില്യൻ ഡോളറിന്റെ സാമ്പത്തികനഷ്ടം, കെട്ടിടങ്ങളുടെ നാശം എന്നിവ ഇതുമൂലമുണ്ടാകാം.
ജപ്പാന്റെ തെക്കുകിഴക്കൻ ദിശയിലുള്ള പസിഫിക് തീരത്താണ് നൻകായി ട്രഫ്. ജപ്പാന്റെ കാബിനറ്റ് ഓഫിസ് റിപ്പോർട്ട് പ്രകാരം ഇത്തരമൊരു ഭൂചലനവും സൂനാമികളുമൊക്കെ സംഭവിക്കാനുള്ള സാധ്യത 80 ശതമാനം വരെയാണ്.
ഒട്ടേറെ ഭൗമപ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാൻ. 1498ൽ ജപ്പാനിലെ എൻഷുനാദ കടലിലുണ്ടായ 8.3 തീവ്രതയുള്ള ഭൂചലനത്തെത്തുടർന്ന് ഒരു വലിയ സൂനാമി ഉടലെടുക്കുകയും 31,201 ആളുകൾ മരിക്കുകയും ചെയ്തു. തുടർന്ന് ഇന്നുവരെയുള്ള കാലയളവിൽ 1.1 ലക്ഷത്തിലധികം പേരാണ് സൂനാമിയിൽ മരിച്ചത്. ജപ്പാനിലെ സൂനാമിചിത്രം വിളിച്ചോതുന്നതാണ് ഈ കണക്ക്. സൂനാമി എന്ന പേരു പോലും ഈ പ്രകൃതിദുരന്തത്തിനു വന്നത് ജപ്പാനിൽ നിന്നാണെന്നതും ഓർക്കണം. 2011ൽ ഫുക്കുഷിമ ദുരന്തത്തിലും സൂനാമിയുടെ സാന്നിധ്യമുണ്ടായിരുന്നു.
വിവിധ പ്രകൃതിദുരന്തങ്ങൾ നടമാടുന്ന രാജ്യമാണ് ജപ്പാൻ. തങ്ങളുടെ സാങ്കേതിക വിദ്യയിലുള്ള പാടവവും പരിജ്ഞാനവും ദുരന്തങ്ങളെ ചെറുക്കാനുള്ള മേഖലയിലും ജപ്പാൻ ഉപയോഗിക്കാറുണ്ട്. ഇടയ്ക്കിടെ തങ്ങളെ അലട്ടുന്ന ഭൂചലനങ്ങൾക്ക് പ്രതിരോധമൊരുക്കാനായി എർത്ത്‌ക്വേക്ക് എൻജിനീയറിങ് എന്നൊരു മേഖല തന്നെ ജപ്പാൻ ഒരുക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്കായുള്ള ഷോക്ക് അബ്സോർബറുകൾ, സ്ലൈഡിങ് വോളുകൾ, ടെഫ്‌ലോൺ ഫൗണ്ടേഷൻ വോളുകൾ തുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകൾ ഇതിന്റെ ഭാഗമായുണ്ട്. എർത്ത്ക്വേക്ക് എൻജിനീയറിങ്ങിൽ സൂനാമികൾക്കു തടയിടാനുള്ള സാങ്കേതികവിദ്യകളും ജപ്പാൻ നടപ്പാക്കിയിരുന്നു.
വലിയ ജനബാഹുല്യമുള്ള ഇടങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനായി 40 അടി വരെ പൊക്കമുള്ള കടൽഭിത്തികളും ജപ്പാൻ കെട്ടിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഇടങ്ങളിലേക്കും ജനവാസമേഖലകളിലേക്കും സൂനാമിത്തിരകൾ മൂലമുള്ള വെള്ളം കടന്നുകയറിയാൽ അതു തിരിച്ചുവിടാനായി ആധുനിക ഫ്ലഡ്ഗേറ്റുകളും ജപ്പാൻ തയാർ ചെയ്തിട്ടുണ്ട്. 51 അടി വരെ പൊക്കമുള്ളവയാണ് ഇത്.
രാജ്യത്തെ ഊർജമേഖലയ്ക്ക് നിർണായക സംഭാവനകൾ നൽകുന്ന ആണവനിലയങ്ങൾക്ക് സൂനാമിഘട്ടങ്ങളിൽ സുരക്ഷ നൽകാനുള്ള സംവിധാനങ്ങളും ജപ്പാൻ ആവിഷ്കരിച്ചിട്ടുണ്ട്. കഴിയുന്നതും ഈ നിലയങ്ങൾ തീരത്തുനിന്നു ദൂരെ എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. എന്തെങ്കിലും തരത്തിൽ ഭൂചലനമുണ്ടാകുന്ന പക്ഷം സേഫ് മോഡിലേക്കു പോകാനുള്ള സംവിധാനവുമുണ്ട്.