ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ മാരകം; അതിവ്യാപനം, 57 രാജ്യങ്ങളിൽ: ഡബ്ല്യുഎച്ച്ഒ

Advertisement

ജനീവ ∙ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). യഥാർഥ ഒമിക്രോണിനേക്കാൾ അതിവേഗത്തിൽ പടരുന്ന ഈ ഉപവകഭേദം നിലവിൽ 57 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.

10 ആഴ്ച മുൻപു തെക്കൻ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. ചുരുങ്ങിയ ദിവസങ്ങൾക്കകം ഇത്രയധികം രാജ്യങ്ങളിലേക്കു പടർന്നത് ആശങ്കാജനകമാണ്. കഴിഞ്ഞമാസം ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളിൽ 93 ശതമാനത്തിലേറെയും ഈ വകഭേദമാണു കാണുന്നതെന്നും ഡബ്ല്യുഎച്ച്ഒയുടെ പ്രതിവാര എപ്പിഡമോളജിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഒമിക്രോണിന്റെ BA.1, BA.1.1 എന്നീ ആദ്യ വകഭേദങ്ങൾക്കൊപ്പമാണ് BA.2 എന്ന അപകടകരമായ വൈറസ് വ്യാപിക്കുന്നത്. ഒമിക്രോണിന്റെ ആദ്യഘടനയിൽനിന്ന് വളരെയേറെ വ്യത്യാസമുണ്ട് ഈ വകഭേദത്തിന്. വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്ന സ്പൈക് പ്രോട്ടീനിലടക്കം മാറ്റങ്ങളുണ്ടായി. ഒമിക്രോണിന്റെ ഉപവകഭേദങ്ങളെപ്പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.