ഹിന്ദുക്ഷേത്രങ്ങൾ ആക്രമിച്ചു, പണവും ആഭരണങ്ങളും കൊള‌ളയടിച്ചു

Advertisement

ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാലയങ്ങൾക്കും നേരെ ശക്തമായ ആക്രമണം. ക്ഷേത്ര പൂജാരിമാരും സ്ഥലത്തെ ഭക്തരും ഭയപ്പാടോടെയാണ് കഴിയുന്നത്.

ഗ്രേറ്റർ ടൊറൊന്റോ ഏരിയയിലെ ആറ് ആരാധനാലയങ്ങൾക്ക് നേരെയാണ് മോഷണശ്രമവും ആക്രമണവും നടന്നത്. ഭണ്ഡാരപെട്ടികൾ തകർത്ത് പണം മോഷ്‌ടിക്കുകയും വിഗ്രഹങ്ങളിലെ മാലകളും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നത് വ്യാപകമാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് ആക്രമണം രൂക്ഷണായത്.

ബ്രാംപ്‌ടണിലെ ശ്രീ ഹനുമാൻ മന്ദിറിൽ ജനുവരി 15ന് നടത്തിയ കടന്നുകയറ്റ ശ്രമങ്ങളോടെയാണ് ക്ഷേത്രങ്ങളിൽ ആക്രമണ പരമ്ബരകൾ തുടങ്ങിയത്. ജനുവരി 25ന് ഇതേ മേഖലയിലുള‌ള മാ ചിന്ദ്പൂ‌ർണി മന്ദിറിൽ ഇതേ തരത്തിൽ ആക്രമണം നടന്നു. ഗൗരി ശങ്കര ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലും മറ്റൊരു നഗരത്തിലെ ഹാമിൽടൺ സമാജ ക്ഷേത്രം, ഹിന്ദു സാംസ്‌കാരിക കേന്ദ്രം എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.

സാംസ്‌കാരിക കേന്ദ്രത്തിന്റെ ഓഫീസിലെത്തിയ രണ്ടുപേർ സംഭാവന പെട്ടികളിലെ പണം തട്ടിയെടുത്ത് ഓഫീസ് അലങ്കോലപ്പെടുത്തി. പുലർച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ആക്രമണങ്ങളെല്ലാം ഉണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വെളിവാകുന്നു. സ്ഥലത്തെ ഹിന്ദു സമുദായാംഗങ്ങൾ ഭയപ്പാടിലാണ്.

പുലർച്ചെയുള‌ള പൂജകൾക്ക് എത്തുന്ന പൂജാരിമാരും ആക്രമികളെ ഭയന്നാണ് ജോലി ചെയ്യുന്നത്. പൊലീസ് പ്രശ്‌നത്തിൽ ഇടപെട്ട് സ്ഥലത്തെ ജനങ്ങളുടെ ഭീതി അകറ്റണമെന്ന ആവശ്യം ശക്തമാണ്.