കീവ്: യുക്രൈനിലെ ഖാർകീവിൽ ഷെൽ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു.
കർണാടക സ്വദേശിയായ നവീൻ എസ് ജി എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാവിലെയുണ്ടായ ആക്രമണത്തിലാണ് വിദ്യാർഥി കൊല്ലപ്പെട്ടത്.
ഖാർകീവിലെ മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ വിദ്യാർഥിയാണ്. ഖാർകീവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോൾ ആണ് ഷെൽ ആക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൗസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെൽ ആക്രമണം നടത്തുകയായിരുന്നു.
റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി വൻ സേനാവിന്യാസം നടത്തുന്ന പശ്ചാത്തലത്തിൽ മുഴുവൻ ഇന്ത്യാക്കാരും അടിയന്തരമായി കീവ് വിടണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇൻഡ്യക്കാരും ചൊവ്വാഴ്ചതന്നെ കീവ് വിടണം.
കീവ് ലക്ഷ്യമിട്ട് റഷ്യ, വൻ സേനാവിന്യാസം നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. 64 കിലോമീറ്റർ നീളത്തിൽ റഷ്യൻ സൈനികവ്യൂഹം സഞ്ചരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാർഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രൈനിലെ ഇൻഡ്യൻ എംബസി നിർദേശം നൽകിയിരിക്കുകയാണ്.
ഇതിനിടെ യുക്രൈൻ ഒഴിപ്പിക്കൽ ദൗത്യത്തിൽ പങ്കെടുക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രി നിർദേശം നൽകി. വ്യോമസേനയുടെ ട്രാൻസ്‌പോർട് വിമാനങ്ങളെ ഉപയോഗിച്ച് യുക്രൈൻ ഒഴിപ്പിക്കൽ അതിവേഗത്തിലാക്കാനാണ് കേന്ദ്രസർകാരിന്റെ നീക്കം. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക. യുക്രൈനും യുക്രൈൻ അഭയാർഥികൾ അഭയം പ്രാപിച്ച സമീപരാജ്യങ്ങൾക്കും മരുന്നും മറ്റു സഹായങ്ങളും നൽകുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.