കീവ്: പലായനത്തിന്റെയും പ്രതിരോധത്തിന്റെയും കാഴ്ചകളാണ് യുക്രൈനിൽ നടക്കുന്നത്. രക്ഷപെടാനുള്ള അവസരം വേണ്ടെന്നുവച്ച് റഷ്യക്കെതിരായി യുദ്ധം ചെയ്യാൻ ഇറങ്ങിയവരിൽ കൂടുതലും വനിതകളാണ
അതുകൊണ്ടുതന്നെ ഈ യുദ്ധം യുക്രൈൻ വനിതകളെ കൂടിയാണ് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്.
ജീവൻ വിലകൊടുത്തും മാതൃരാജ്യത്തിന് വേണ്ടി പോരാടുമെന്ന് ഉറച്ച് പറയുകയാണ് യുക്രൈൻ വനിതകൾ. യുദ്ധത്തിൽ ഒട്ടേറെ പിന്നിലായിട്ടും യുദ്ധോപകരണങ്ങൾ സജ്ജമാക്കാനും യുക്രൈൻ സൈനികർക്ക് ഭക്ഷണമെത്തിക്കാനും വനിതകൾ തന്നെ ഇപ്പോഴും രംഗത്തിറങ്ങുന്നു. സാധാരണക്കാരായ വീട്ടമ്മമാരാകട്ടെ മരണത്തെ മുഖാമുഖം നേരിട്ട് തെരുവുകളിലുള്ള റഷ്യൻ പട്ടാളക്കാരോട് തിരികെപ്പോകാൻ ആക്രോശിക്കുകയും അപേക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
റഷ്യൻ ആക്രമണത്തിന് പിന്നാലെ ഒന്നരലക്ഷം യുക്രൈൻ പൗരന്മാരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്. ഇതിലധികവും സ്ത്രീകളും കുട്ടികളുമാണ്. വിവാഹദിനത്തിൽ റൈഫിളുമേന്തി പോരാട്ടത്തിൽ പങ്കെടുക്കുന്ന നവദമ്പതികളുടെ ചിത്രം സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ യുക്രൈനിലെ വനിതാ എം.പിയായ കിറ റുദികയും പോരാട്ടത്തിൽ പങ്കാളിയാകുന്ന ചിത്രം പുറത്തുവന്നു.