റഷ്യയ്‌ക്കെതിരെയുള്ള ഉപരോധത്തിൽ ആപ്പിളും

Advertisement


കീവ്: യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യയിലെ ഐഫോണുകൾ, ഐപാഡുകൾ, മാക്സ്, മറ്റ് ഹാർഡ് വെയർ ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന ആപ്പിൾ താൽക്കാലികമായി നിർത്തിവെച്ചു.

കഴിഞ്ഞ മാസം അവസാനം യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യക്ക് കിട്ടുന്ന കനത്ത തിരിച്ചടി തന്നെയാണ് ആപ്പിളിന്റെ ഈ പുതിയ നീക്കം. ആപ്പിൾ മുമ്പ് റഷ്യയിൽ ആപ്പിൾ പേ നിയന്ത്രിക്കുകയും, റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറിൽ നിന്ന് സ്പുട്‌നിക്ക്, ആർ.ടി ന്യൂസ് പോലുള്ള റഷ്യൻ ആപ്പുകൾ ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. യുക്രൈനോട് പിന്തുണ പ്രഖ്യാപിച്ച കമ്പനി ആപ്പിൾ മാപ്പ്‌സിൽ രാജ്യത്തിന്റെ ലൈവ് ട്രാഫിക് പ്രവർത്തനരഹിതമാക്കിയതായി നേരത്തെ അറിയിച്ചിരുന്നു.

റഷ്യയിലെ എല്ലാ ഉത്പന്ന വിൽപ്പനയും താൽക്കാലികമായി നിർത്തിയതായി ആപ്പിൾ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ആപ്പിളിന്റെ റഷ്യൻ വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും അതിന്റെ ഓൺലൈൻ സ്റ്റോർ മേഖല അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച ആപ്പിൾ റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികളും നിർത്തിയിരുന്നു. തങ്ങളുടെ ചില സോഫ്റ്റ് വെയർ നിയന്ത്രണങ്ങൾ യുക്രൈനെ പിന്തുണയ്ക്കുന്നതിനും, അക്രമത്തിന്റെ ഫലമായി ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായി സ്വീകരിച്ച നടപടികളിൽ ഉൾപ്പെടുന്നതായി ആപ്പിൾ അറിയിച്ചു. ഗൂഗിൾ, മെറ്റ (ഫേസ്ബുക്ക്), നെറ്റ്ഫ്ലിക്സ് തുടങ്ങിയ സാങ്കേതിക കമ്പനികൾക്ക് പിന്നാലെയാണ് ആപ്പിൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് റഷ്യയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.