ന്യൂഡൽഹി: യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ പങ്കെടുക്കുന്ന ക്വാഡ് യോഗത്തെ ലോകം ഉറ്റുനോക്കുന്നു.
ഇന്ന് വിർച്വലായാണ് യോഗം. ഇന്തോ- പസഫിക് മേഖലയിൽ ഉണ്ടാവുന്ന സുപ്രധാന മാറ്റങ്ങൾ സംബന്ധിച്ച് ഇന്ത്യയ്ക്ക് തങ്ങളുടെ ആശയങ്ങൾ കൈമാറുന്നതിനും ക്രിയാത്മകമായ ചർച്ചകൾ നടത്തുന്നതിനും ഉച്ചക്കോടി അവസരം ഒരുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
2021 സെപ്റ്റംബറിലാണ് ഇതിന് മുൻപ് യോഗം കൂടിയത്. യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന യോഗത്തെ ഉറ്റുനോക്കുകയാണ് ലോകം. യുഎന്നിൽ റഷ്യയ്‌ക്കെതിരെയുള്ള പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നുവെങ്കിലും മറ്റു മൂന്ന് രാജ്യങ്ങൾ യുക്രൈനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
കഴിഞ്ഞവർഷം മാർച്ചിലാണ് ആദ്യമായി യോഗം ചേർന്നത്. സെപ്റ്റംബറിൽ വാഷിംഗ്ടണിൽ വച്ച് നടന്ന യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിച്ചിരുന്നു. വാക്‌സിൻ ഉൽപ്പാദനം, കണക്ടിവിറ്റി പ്രോജക്ടുകൾ, സാങ്കേതികവിദ്യ തുടങ്ങിയ രംഗങ്ങളിൽ സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് ക്വാഡിന്റെ ആത്യന്തികമായ ലക്ഷ്യം.