ബീജിംഗ്: ലോകമെങ്ങും മരണ താണ്ഡവമാടിയ കൊറോണ, ചൈനയ്ക്ക് തിരിച്ചടിയാകുന്നു. സാമ്പത്തിക,വാണിജ്യ,കാർഷിക മേഖലകളിലെല്ലാം തകർച്ചയും മുരടിപ്പും പ്രകടമാണെന്നാണ് റിപ്പോർട്ട്.
2021-22 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടടുക്കുമ്പോൾ, 31 പ്രവിശ്യകളിൽ 28ലും വളർച്ച മുരടിച്ചു. ഒരു വർഷത്തെ വിശകലനത്തിലാണ് പ്രകടമായ മാറ്റം ദൃശ്യമാകുന്നത്.
ചൈനയുടെ ആഗോള നഗരങ്ങളായ ഷാങ്ഹായ്, ഗുവാംഗ്തൂംഗ്, ബീജിംഗ് എന്നിവയടക്കം വരുമാനം നിലച്ച അവസ്ഥയിലാണ്. കൊറോണ മൂലമുണ്ടായ ആഭ്യന്തര വളർച്ച തകർന്നതിനൊപ്പം ലോകരാജ്യങ്ങളുടെ ഉപരോധങ്ങളും ചൈനയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇതോടെ, തന്റെ മൂന്നാം ഘട്ട ഭരണകാലഘട്ടത്തിൽ വലിയ മുന്നേറ്റത്തിലേക്ക് രാജ്യം പോകുമെന്ന ഷീ ജിൻ പിംഗിനുള്ള പ്രതീക്ഷയാണ് തകർന്നത്.
സാമ്പത്തിക പരാധീനത രൂക്ഷമായതോടെ, സർക്കാർ ജോലിക്കാർക്കു നൽകിയ ബോണസും മറ്റ് ആനുകൂല്യങ്ങളും തിരികെ അടയ്ക്കാനാണ് നിർദ്ദേശം. ഷാൻഹായ്, ജിയാൻസി, ഹെനൻ, ഷാൻഡോഗ്,ചോങ്ക്വിംഗ്, ഹുബേ, ഗുവാംഗ്തൂംഗ് എന്നീ നഗരങ്ങളിലെ ജീവനക്കാർക്കാണ് ഷീ ജിൻ പിംഗ് സർക്കാരിന്റെ നിർദ്ദേശം ലഭിച്ചിരിക്കുന്നത്.