മോസ്‌കോ: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികൾക്ക് സുരക്ഷിതമായി മടങ്ങുന്നതിന് താത്ക്കാലികമായി പ്രദേശിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ.
അഞ്ച് മണിക്കൂർ താത്ക്കാലിക വെടിനിർത്തൽ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെടിനിർത്തൽ നിലവിൽ വരുന്ന സമയം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മോസ്‌കോ സമയം രാവിലെ 10 മണിക്ക് നിലവിൽ വരുമെന്നാണ് സൂചന. കീവ് സമയം രാവിലെ എട്ട് മണിക്കാണ് വെടിനിർത്തൽ നിലവിൽ വരിക.
രക്ഷാപ്രവർത്തനത്തിന് മനുഷ്യത്വ ഇടനാഴി ഒരുക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങൾ വഴി രക്ഷാപ്രവർത്തനം നടത്താനാണ് നീക്കം. റഷ്യ രക്ഷാപ്രവർത്തനത്തിന് 130 ബസുകൾ ഇന്നലെ സജ്ജമാക്കിയിരുന്നു.
താത്ക്കാലിക വെടിനിർത്തലിന് ഇന്ത്യ യുക്രൈനോടും റഷ്യയോടും അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന റഷ്യ-യുക്രൈൻ ചർച്ചയിലും മനുഷ്യത്വ ഇടനാഴി പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചിരുന്നു. പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് യുക്രൈനും അറിയിച്ചിരുന്നു.
കർകീവ്, സൂമി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റുള്ളവരെയും മറ്റ് വിദേശികളേയും ഒഴിപ്പിക്കാൻ ബസ്സുകൾ ഒരുക്കിയിട്ടുണ്ടെന്ന് റഷ്യ യു.എൻ രക്ഷാ കൗൺസിലിൽ അറിയിച്ചിരുന്നു. യുക്രൈന്റെ ആണവ നിലയം റഷ്യ ആക്രമിച്ചതിനു പിന്നാലെയാണ് രക്ഷാ കൗൺസിൽ യോഗം ചേർന്നത്. 3700 ഇന്ത്യക്കാരെ യുക്രൈൻ കർകീവിലും സുമിയിലും ബലമായി പിടിച്ചുവച്ചിരിക്കുകയാണെന്നും റഷ്യ ആരോപിച്ചിരുന്നു.
അതിനിടെ, കീവ്, ചെർണിഹീവ്, സൂമി എന്നിവിടങ്ങളിൽ വീണ്ടും വ്യോമാക്രമണ മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് യുക്രൈൻ നിർദേശം നൽകി.
യുദ്ധം പത്താം ദിവസം പിന്നിട്ടതോടെ മരിയുപോൾ റഷ്യയുടെ പിടിയിലായി. കഴിഞ്ഞ ദിവസം റഷ്യ പിടിച്ചെടുത്ത ആണവ നിലയത്തിന്റെ നിയന്ത്രണം യുക്രൈൻ തിരിച്ചുപിടിച്ചു.