റഷ്യയുടെ യുദ്ധതന്ത്രങ്ങൾ തകർക്കാൻ ഗൂഗിൾ; യുക്രെയിനുമായി കൈകോർത്ത് ഒരുക്കുന്നത് വൻ പ്രതിരോധം, ഏതറ്റം വരെയും പോകുമെന്ന് ടെക് ഭീമൻ

Advertisement

ന്യൂഡൽഹി: അധിനിവേശം ആരംഭിച്ച്‌ പതിനാറാം ദിവസം പിന്നിടുമ്പോഴും യുക്രെയിനെതിരെ ശക്തമായി തന്നെ ആക്രമണം തുടരുകയാണ് റഷ്യ.

അമേരിക്ക, കാനഡ, യു കെ തുടങ്ങിയ രാജ്യങ്ങൾ റഷ്യക്കെതിരായി നിരവധി സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും പ്രസിഡന്റ് പുടിൻ പിൻമാറാൻ തയ്യാറല്ല. ഇപ്പോഴിതാ റഷ്യൻ ആക്രമണത്തെ നേരിടാൻ യുക്രെയിന് പിന്തുണയുമായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.

റഷ്യൻ സേനയുടെ ആക്രമണത്തിന് മുന്നോടിയായി യുക്രെയിനിലെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് അവരുടെ ഫോണിൽ വ്യോമാക്രമണ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമാണ് ഗൂഗിൾ പുറത്തിറക്കിയത്. യുക്രെയിനിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഗൂഗിളിന്റെ ഈ പുതിയ ആപ്പിനെ ആശ്രയിക്കുകയാണെന്നും ഇതിനായി യുക്രെയിൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഗൂഗിൾ മേധാവികൾ അറിയിച്ചു. ഭൂകമ്പ മുന്നറിയിപ്പുകൾ നൽകാനായി തയ്യാറാക്കിയ സംവിധാനം ഉപയോഗിച്ചാണ് ഗൂഗിൾ വ്യോമാക്രമണ മുന്നറിയിപ്പുകളും നൽകുന്നത്. യുക്രെനിയൻ അലാം എന്ന പേരിൽ പ്രവർത്തിക്കുന്ന ആപ്പ് ഇന്ന് മുതലാണ് മുന്നറിയിപ്പുകൾ നൽകിത്തുടങ്ങുന്നത്. പ്രഖ്യാപനത്തിന് മുൻപ് തന്നെ ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ എത്തിയിരുന്നു.

ഫെബ്രുവരി 24ന് റഷ്യ യുക്രയിനിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ രാജ്യത്തെ പരസ്യ വിൽപ്പന ഗൂഗിൾ താത്കാലികമായി നിർത്തുകയും യൂറോപ്പിലെ ഗൂഗിൾ പ്ളേയിൽ നിന്ന് റഷ്യൻ സർക്കാർ ഫണ്ട് ചെയ്യുന്ന മീഡിയ ആപ്പുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. തങ്ങളുടെ ഉത്പന്നങ്ങളിലൂടെ യുക്രെയിൻ ജനതയെ സഹായിക്കുമെന്നും സൈബർ സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കുമെന്നും ഗൂഗിൾ അറിയിച്ചിരുന്നു.