കീവ്: യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായി മെലിറ്റോപോളിലെ മേയറെ റഷ്യൻ സേന തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് .
മെലിറ്റോപോൾ മേയർ ഇവാൻ ഫെഡറോവിനെ തട്ടിക്കൊണ്ടുപോയ വിവരം യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്‌കിയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. മെലിറ്റോപോൾ റഷ്യൻ സേന കീഴടക്കിയതായും സെലൻസ്‌കി പറഞ്ഞു.
’10 പേരടങ്ങുന്ന സംഘം മെലിറ്റോപോൾ മേയർ ഇവാൻ ഫെഡറോവിനെ തട്ടിക്കൊണ്ടുപോയി. ശത്രുക്കളുമായി സഹകരിക്കുന്നതിന് അദ്ദേഹം വിസമ്മതിച്ചു. യുക്രൈനെയും തന്റെ കമ്മ്യൂണിറ്റിയിലുള്ളവരെയും ധൈര്യസമേതം സംരക്ഷിച്ചിരുന്ന മേയറാണ് ഫെഡറോവ്’- സെലൻസ്‌കി യുക്രൈൻ പാർലമെന്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
‘അധിനിവേശ ശക്തികളായ റഷ്യൻ സേന ദുർബലപ്പെട്ടു. അതുകൊണ്ടാണ് ആളുകളെ ഭയപ്പെടുത്തുന്ന പുതിയ രീതിയിലേക്ക് അവർ മാറുന്നത്. പ്രാദേശിക ഉക്രൈൻ ഭരണകൂടത്തിന്റെ പ്രതിനിധികളെ ശാരീരികമായി ഇല്ലായ്മ ചെയ്യാനാണ് അവർ ശ്രമിക്കുന്നത്’- സെലൻസ്‌കി കൂട്ടിച്ചേർത്തു.