ആഭ്യന്തര വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്തു, മൂന്ന് കോടി ജനങ്ങളെ പൂട്ടി ചൈന

Advertisement


ബീജിംഗ് : കൊവിഡ് അതിന്റെ പ്രഭവസ്ഥാനമായ ചൈനയിൽ വീണ്ടും ആഞ്ഞടിക്കുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.

ഇന്ന് 5,280 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡിനെ നിയന്ത്രിക്കാൻ ലോക്ഡൗണും, വ്യാപക പരിശോധനയും അടങ്ങിയ സീറോ കൊവിഡ് പ്രതിരോധം പാളുന്നത് അധികൃതർക്ക് തലവേദനയാകുന്നുണ്ട്. ഏറെ നാളുകൾ ഫാക്ടറിയുൾപ്പടെയുള്ള സ്ഥാപനങ്ങൾ അടച്ചിടുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും ദോഷമാവുന്നുണ്ട്.

ഒമിക്രോൺ വകഭേദമാണ് ഇപ്പോൾ പടരുന്നതെന്നാണ് ചൈനയുടെ വാദം. കൊവിഡ് കേസുകൾ കുത്തനെ കൂടുന്നതോടെ മൂന്ന് കോടിയിലധികം ആളുകളാണ് ചൈനയിൽ ലോക്ക്‌ഡൗണിൽ കഴിയുന്നത്. പ്രവിശ്യകൾ അടിസ്ഥാനമാക്കിയുള്ള ലോക്ക്‌ഡൗണാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരത്തിൽ പതിമൂന്നോളം നഗരങ്ങൾ പൂർണ്ണമായും പൂട്ടിയിരിക്കുകയാണ്. മറ്റ് പല നഗരങ്ങളിലും ഭാഗിക ലോക്ക്ഡൗണും തുടരുന്നു. വടക്കുകിഴക്കൻ പ്രവിശ്യകളിലാണ് കൊവിഡ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. ഒമ്പത് ദശലക്ഷം ആളുകൾ താമസിക്കുന്ന പ്രവിശ്യാ തലസ്ഥാനമായ ചാംഗ്ചുൺ ഉൾപ്പെടെയുള്ള നഗരങ്ങളിലെ താമസക്കാർ നിയന്ത്രണങ്ങളിലാണ് കഴിയുന്നത്. ടെക് ഹബ്ബായ ഷെൻഷെനിലും ഫാക്ടറികൾ ഉൾപ്പടെ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കൊവിഡ് പോസിറ്റാവായവരെ വീടുകളിൽ തുടരാൻ അധികാരികൾ അനുവദിക്കുന്നുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിൽ ദീർഘനാളത്തെ അടച്ചിടൽ സാമ്പത്തിക വളർച്ചയിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ബീജിംഗിലെയും ഷാങ്ഹായിലെയും വിമാനത്താവളങ്ങളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഡസൻ കണക്കിന് ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

Advertisement