ഈഫൽ ടവറിന്റെ ഉയരം കൂടി

Advertisement

പാരീസ്: ഫ്രാൻസിലെ ഈഫൽ ടവറിന്റെ ഉയരം ആറ് മീറ്റർ കൂടി. ടവറിന് മുകളിൽ ഇരുപത് അടിയോളം ഉയരമുള്ള പുതിയ കമ്മ്യൂണിക്കേഷൻ ആന്റിന സ്ഥാപിച്ചതോടെയാണ് ഈഫൽ ടവറിന്റെ ഉയരം കൂടിയത്.

പുതിയ ആന്റിന വന്നതോടെ ഈഫൽ ടവറിന്റെ ഉയരം 1063 അടിയായി ഉയർന്നു. 1789ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്‌ 1889 മെയ് ആറ് മുതൽ ഒക്ടോബർ 31വരെ നടന്ന് എക്‌സ്‌പോസിഷൻ യൂണിവേഴ്‌സല്ല എന്ന പ്രദർശനത്തിന് വേണ്ടിയാണ് ഈഫൽ ടവർ നിർമ്മിച്ചത്.

ഹെലികോപ്ടർ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളിൽ സ്ഥാപിച്ചത്. 133 വർഷത്തെ കാലയളവിൽ ഇത് ഒരു ചരിത്ര നിമിഷമാണെന്നാണ് ഈഫൽ ടവർ കമ്പനിയുടെ പ്രസിഡന്റ് ജീൻ ഫ്രാങ്കോയിസ് പറഞ്ഞത്. ‘ഇതൊരു ചരിത്ര നിമിഷമാണ്, കാരണം ഈഫൽ ടവറിന്റെ ഉയരം വർദ്ധിക്കുകയാണ്. ഇത് അത്ര സാധാരണമല്ല’ ജീൻ ഫ്രാങ്കോയിസ് പറഞ്ഞു.

1889ൽ ഉദ്ഘാടനം ചെയ്യുമ്ബോൾ 1024 അടിയായിരുന്നു ഈഫൽ ടവറിന്റെ ഉയരം. ലോകത്തിൽ ഏറ്റവും അധികം വിനോദ സഞ്ചാരികൾ സന്ദർശനം നടത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഈഫൽ ടവർ. സ്ഥാപിച്ച അന്ന് മുതൽ റേഡിയോ പ്രക്ഷേപണത്തിനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിനായി കാലങ്ങളായി ഇവിടുത്തെ ആന്റിന മാറ്റി സ്ഥാപിക്കാറുമുണ്ട്.