ലണ്ടൻ: മുലപ്പാലിൽ നിന്ന് ആഭരണങ്ങൾ നിർമിക്കുന്ന നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവം വിചിത്രമായി തോന്നുമെങ്കിലും ലണ്ടനിൽ നിന്നുള്ള ഒരു കുടുംബം ഇങ്ങനെ കോടികളുടെ വരുമാനം നേടുകയാണ്. മൂന്ന് കുട്ടികളുടെ മാതാവായ സഫിയ റിയാദും ഭർത്താവ് ആദം റിയാദും ലോക് ഡൗൺ സമയത്താണ് മുലപ്പാൽ ഉപയോഗിച്ച് ആഭരണങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചത്. തുടർന്ന് ദമ്പതികൾ അതിന് ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. 2023-ൽ 15 കോടി രൂപയുടെ വിറ്റുവരവാണ് ഇവരുടെ കമ്പനി പ്രതീക്ഷിക്കുന്നത്. ബെക്സ്ലി സ്വദേശികളാണ് ദമ്പതികൾ.
മുലപ്പാൽ വിലയേറിയ കല്ലുകളായി സംരക്ഷിച്ച് സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്താൻ ദമ്പതികളുടെ കമ്പനിയായ മജന്ത ഫ്ളവേഴ്സ് വളരെയധികം ഗവേഷണം നടത്തി. പാൽ അതിന്റെ യഥാർത്ഥ നിറം നിലനിർത്തുന്നെന്ന് അതിലൂടെ ഉറപ്പാക്കി. ചില രാസലായനികൾ ചേർത്ത് മുലപ്പാൽ കല്ലുകളായും അതിലൂടെ ആഭരണങ്ങളാക്കിയും വളരെക്കാലം സൂക്ഷിക്കാനാകുമെന്ന് അവർ തെളിയിച്ചു. മാലകൾ, കമ്മലുകൾ, മോതിരങ്ങൾ എന്നിവയുടെ രൂപത്തിലാണ് മുലപ്പാൽ സംരക്ഷിക്കുന്നത്. ഇതിലൂടെ അമ്മമാർക്ക് തങ്ങളുടെ മുലയൂട്ടൽ കാലം എന്നും ഓർത്തെടുക്കാമെന്നും ദമ്പതികളെ ഉദ്ധരിച്ച് ദ മിറർ റിപ്പോർട്ട് ചെയ്തു.
മുലപ്പാൽ ആഭരണങ്ങളുടെ ആവശ്യം വർധിച്ചുവരികയാണ്. അമ്മമാരുടെ മുലപ്പാൽ വിലയേറിയ കല്ലുകളാക്കി മാറ്റിയാണ് അവരുടെ മുലപ്പാൽ സംരക്ഷിക്കുന്നതെന്ന് സഫിയ പറയുന്നു. വിലപിടിപ്പുള്ള രത്‌നങ്ങളായി മുലപ്പാൽ സൂക്ഷിക്കാൻ കുറഞ്ഞത് 30 മില്ലി ലിറ്റർ പാലെങ്കിലും വേണം.
പ്രത്യേക അവസരങ്ങൾക്കായി പൂക്കൾ നിർമിച്ച് നൽകുന്ന മജന്ത ഫ്ളവേഴ്സ് പിന്നീട് മുലപ്പാൽ ഉപയോഗിച്ചുള്ള ആഭരണ നിർമാണത്തിലേക്ക് കടക്കുകയായിരുന്നു. മുലപ്പാൽ ആഭരണങ്ങളിലൂടെ ജീവിതത്തിലെ വിലപ്പെട്ട ഓർമകൾ സംരക്ഷിക്കാനാകുമെന്ന് ഇവർക്ക് ഉറപ്പുണ്ട്. 2019-ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. ഏകദേശം 4,000 ഓർഡറുകൾ ഇവർ വിതരണം ചെയ്തിട്ടുണ്ട്.