ഓസ്‌കർ നിശയിൽ കൈയാങ്കളി; ഭാര്യയെ പരിഹസിച്ചതിന് അവതാരകന്റെ മുഖത്തടിച്ച്‌ വിൽസ് സ്മിത്ത്

Advertisement


ലോസ് ആഞ്ചലസ്: ഓസ്‌കർ അവാർഡ് നിശയിൽ പരിഹാസവും കൈയാങ്കളിയും. മികച്ച നടനുള്ള അവാർഡ് ലഭിച്ച വിൽസ് സ്മിത്ത് ആണ് ഭാര്യയെ കളിയാക്കിയതിന് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്.

ഭാര്യ ജാഡാ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച്‌ ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. ഞായറാഴ്ച രാത്രി ടെലികാസ്റ്റിന്റെ മൂന്നാം മണിക്കൂറിൽ അവതാരകൻ ക്രിസ് റോക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് പ്രഖ്യാപിക്കാനായി വേദിയിലെത്തി. നടി ജേഡ് പിങ്കറ്റ് സ്മിത്തിനെക്കുറിച്ച്‌ അവതാരകൻ തമാശ പറഞ്ഞു.

തല മൊട്ടയടിച്ചാണ് ജേഡ സ്മിത്ത് ഓസ്‌കറിന് എത്തിയത്. അവളുടെ മൊട്ടത്തലയെന്ന് പരാമർശിച്ചായിരുന്നു തമാശ. മുടി കൊഴിച്ചിലിനു കാരണമാവുന്ന അലോപ്പിയ എന്ന അവസ്ഥ താൻ നേരിടുന്നതായി പിങ്കറ്റ് സ്മിത്ത് നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. അതുകൂടി മനസിൽവച്ചായിരുന്നു കൊമേഡിയൻ കൂടിയായ അവതാരകൻ ക്രിസ് റോക്കിന്റെ തമാശ. എന്നാൽ, ക്രൂരമായ ഈ തമാശ ജേഡ് പിങ്കറ്റ് സ്മിത്തിന്റെ ഭർത്താവും നടനുമായ വിൽസ് സ്മിത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. സ്മിത്ത് ചാടിയെഴുന്നേറ്റു. എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായിൽനിന്ന് ഒഴിവാക്കുകയെന്ന് അദ്ദേഹം ആക്രോശിച്ചു. രണ്ടുതവണ ഇങ്ങനെ പൊട്ടിത്തെറിച്ച അദ്ദേഹം അടുത്ത നിമിഷം വേദിയിലേക്ക് കുതിച്ചു.

എന്നിട്ട് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോവരുതെ’ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. വിൽസ് സ്മിത്ത് എന്നെ ചതിച്ചെന്നായിരുന്നു അടികൊണ്ട് ഞെട്ടിത്തരിച്ചുപോയ ക്രിസ് റോക്കിന്റെ പ്രതികരണം. അതേസമയം, ക്രിസ് റോക്ക് ജേഡ് പിങ്കറ്റിനെ ഓസ്‌കർ വേദിയിൽ പരിഹസിക്കുന്നത് ഇത് ആദ്യമല്ല. 2016ൽ റോക്ക് ചടങ്ങിന് ആതിഥേയത്വം വഹിച്ചപ്പോൾ ജേഡ് പിങ്കറ്റ് സ്മിത്ത് ഓസ്‌കർ ബഹിഷ്‌കരിക്കുന്നത് ഞാൻ റിഹാനയുടെ പാന്റീസ് ബഹിഷ്‌കരിക്കുന്നതുപോലെയാണ്, കാരണം എന്നെ ക്ഷണിച്ചിട്ടില്ല എന്നു പറഞ്ഞും ക്രിസ് റോക്ക് പരിഹസിച്ചിരുന്നു.
രോഷാകുലനായ വിൽസ് സ്മിത്തിനെ ഡെൻസൽ വാഷിങ്ടണും ടൈലർ പെറിയും ചേർന്ന് ആശ്വസിപ്പിച്ചു. ജേഡിനൊപ്പം തിരികെ ഇരിക്കുമ്പോൾ വിൽസ് സ്മിത്ത് കണ്ണുതുടയ്ക്കുന്നതു കാണാമായിരുന്നെന്നു ഒരു മാധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തു. എന്തായാലും അവതാരകനെ തല്ലാനിടയായതിന് പിന്നീട് വിൽസ് സ്മിത്ത് മാപ്പ് പറഞ്ഞു.