മസ്കറ്റ്: 25 മാസത്തെ ഇടവേളക്ക് ശേഷം സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയും ഇന്ത്യൻ സെക്ടറിലേക്കുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നു.
മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള സർവിസുകളാണ് ഇൻഡിഗോ ആരംഭിക്കുന്നത്.
ഇൻഡിഗോയുടെ മുംബൈ സർവിസ് മേയ് ഒന്ന് മുതലും കൊച്ചി സർവിസ് മേയ് രണ്ടിനും തുടങ്ങും. രാത്രി 11.55ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4.10 ന് മുംബൈയിൽ എത്തും. ഇവിടെനിന്ന് ഇന്ത്യൻ സമയം രാവിലെ 9.45 ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 10.55 നാണ് മസ്കത്തിലെത്തുക. കൊച്ചിയിലേക്കുള്ള വിമാനം പുലർച്ചെ 2.40 ന് പുറപ്പെട്ട് രാവിലെ 7.55 കൊച്ചിയിലെത്തും. രാത്രി 11.25 ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.40 ന് മസ്കത്തിലെത്തും.
സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയറിന് പുറമെ ഇൻഡിഗോയും ഒമാൻ ഇന്ത്യ സെക്ടറിൽ സർവിസ് നടത്തുന്നത് നിരക്കുകൾ കുറയാൻ സഹായിക്കുന്നുണ്ട്. സ്വകാര്യ വിമാനക്കമ്പനികളുടെ വരവോടെ എയർ ഇന്ത്യ എക്സ്പ്രസും നിരക്കുകൾ കുറക്കാൻ നിർബന്ധിതരായിട്ടുണ്ട്.
നിലവിൽ കണ്ണൂർ അടക്കം എല്ലാ സെക്ടറിലും എയർ ഇന്ത്യ നിരക്കുകൾ കുറച്ചിട്ടുണ്ട്. കണ്ണൂർ-മസ്കത്ത് സെക്ടറിൽ ഗോ എയർ സർവിസ് ആരംഭിക്കുന്നതുവരെ 123 റിയാലായിരുന്നു എയർ ഇന്ത്യ ഈടാക്കിയിരുന്നത്. എന്നാൽ ഗോ എയർ രംഗത്തു വന്നതോടെ നിരക്കുകൾ 97 റിയാലിൽ എത്തി.
മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുള്ള നിരക്കുകളും ചില ദിവസങ്ങളിൽ 70 റിയാലിൽ എത്തിയിട്ടുണ്ട്. മസ്കത്തിൽനിന്നും കോഴിക്കോട്ടേക്കുള്ള നിരക്കുകളും 80 റിയാലിൽ എത്തിയിട്ടുണ്ട്. എന്നാൽ ഏപ്രിൽ അവസാനത്തിലും മേയ് ആദ്യപാദത്തിലുമായി നിരക്കുകൾ വീണ്ടും വർധിക്കുന്നുണ്ട്. പെരുന്നാൾ അവധി അടക്കം മുന്നിൽകണ്ടാണ് ഏപ്രിൽ അവസാനത്തിലും മേയ് ആദ്യത്തിലും നിരക്കുകൾ വർധിക്കുന്നത്.
വിമാന സർവിസുകൾ വർധിച്ചാലും ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ നിരക്കുകൾ വല്ലാതെ കുറയില്ല. ഏപ്രിൽ മാസം നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആരംഭിക്കുന്നതിനാൽ നിരവധി കുടുംബങ്ങൾ നാട്ടിൽ നിന്ന് ഒമാനിലെത്തും. ഏപ്രിൽ അവസാനത്തോടെയും മേയ് ആദ്യത്തോടെയും പെരുന്നാൾ അവധിയുടെ തിരക്കുണ്ടാവും. ജൂൺ മുതൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് അവധി ആരംഭിക്കുന്നതിനാലും വീണ്ടും തിരക്ക് വർധിക്കും. ജൂലൈ അവസാനത്തോടെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും തിരിച്ചു വരുന്ന തിരക്കായിരിക്കും. ഏതായാലും ഇനിയുള്ള മാസങ്ങൾ വിമാനക്കമ്പനികൾക്ക് കൊയ്ത്ത് കാലമാണ്.