ഫെഡക്‌സ് ‍തലപ്പത്ത് മലയാളി; വരുമാനം 79 ലക്ഷം ഡോളറിൽ അധികം

Advertisement

ന്യൂഡൽഹി: ആഗോള ടെക് കമ്പനികളെ മെയ്ഡ് ഇൻ ഇന്ത്യ സിഇഒമാർ ഭരിക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്. അതിൻറെ തുടക്കം നമ്മൾ കണ്ടു.

മൈക്രോസ്ഫ്റ്റിൻറെ സത്യ നഡെല്ല, ഗൂഗിളിൻറെ സുന്ദർ പിച്ചൈ, ട്വിറ്ററിൻറെ പരാഗ് അഗൾ വാൾ…..ഇപ്പോഴിതാ ലോകം വാഴ്ത്തുന്ന ഷിപ്പിംഗ്, ട്രാൻസ്പോർട്ടേഷൻ, കാർഗോ ഭീമൻ കമ്പനി ഫെഡെക്‌സിൻറെ തലപ്പത്തേക്ക് മലയാളിയായ രാജ് സുബ്രഹ്മണ്യം എത്തുന്നു.

ഫെഡ്ക്‌സ് സ്ഥാപകനായ ഫ്രെഡറിക് ഡബ്യു സ്മിത്ത് സ്ഥാനമൊഴിയുന്നതോടെ രാജ് സുബ്രഹ്മണ്യം സിഇഒ സ്ഥാനത്തെത്തും. നേരത്തെ കമ്പനിയുടെ സിഒഒ സ്ഥാനത്തായിരുന്നു രാജ് സുബ്രഹ്മണ്യം. അപ്പോൾ അദ്ദേഹത്തിൻറെ കമ്പനിയിൽ നിന്നും വാർഷിക വരുമാനം 79 ലക്ഷം ഡോളറായിരുന്നു. ഇതിൽ 9.8 ലക്ഷം രൂപ ശമ്പളവും 19.9 ലക്ഷം ഡോളർ ബോണസും 24.6 ലക്ഷം ഡോളർ സ്‌റ്റോക് ഓപഷ്‌നും 15ലക്ഷം ഡോളറിൻറെ ഓഹരിയും മറ്റ് പ്രതിഫലമായി 10 ലക്ഷം ഡോളറും ലഭിച്ചിരുന്നു. ഇപ്പോൾ സിഇഒ ആകുന്നതോടെ വരുമാനം ഇനിയും വർധിക്കും. അത് കമ്പനി പരസ്യമാക്കിയിട്ടില്ല. സാലറിഡോട്ട്‌കോമിലാണ് സിഒഒ ആയിരിക്കുമ്പോഴുള്ള രാജ് സുബ്രഹ്മണ്യത്തിൻറെ വരുമാനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ സിഇഒ സ്ഥാനത്തിരിക്കുമ്പോഴുള്ള വരുമാനം എത്രയെന്ന് പ്രസിദ്ധീകരിച്ചിട്ടില്ല.

ഇപ്പോൾ തന്നെ ഇദ്ദേഹത്തിൻറെ ആസ്തി 1.5 കോടി ഡോളർ വരും. ഇതിൽ നല്ലൊരു ശതമാനം ഫെഡക്‌സ് ഓഹരിയുടെ വിപണിമൂല്യമാണ്. അമേരിക്കൻ ഓഹരി വിപണിയിൽ ഫെഡക്സ് ഓഹരികൾ നിരന്തരം കുതിച്ചുയരുകയാണ്. ഇദ്ദേഹത്തിൻറെ വ്യക്തിപ്രഭാവവും നവീന ബിസിനസ് ആശയവുമാണ് രാജ് സുബ്രഹ്മണ്യത്തെ ഫെഡക്‌സിൻറെ തലപ്പത്തെത്തിച്ചത്.

ആദ്യമായി ഫെഡക്‌സ് സ്ഥാപിച്ച ഫ്രഡറിക് സ്മിത്ത് തന്നെ സിഇഒ സ്ഥാനമൊഴിയുമ്പോൾ ആ കസേരയിലേക്ക് മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ വിളിച്ചിരുത്തുക എന്നത് അപൂർവ്വമായി ലഭിക്കുന്ന അംഗീകാരമാണ്.’നാളേയ്ക്ക് നോക്കുമ്പോൾ രാജ് സുബ്രഹ്മണ്യത്തെപ്പോലെ കഴിവുള്ള ഒരു നേതാവ് ഫെഡക്‌സിൻറെ തലപ്പത്തെത്തുന്നത് അത്യധികം സംതൃപ്തിയുണ്ട്. ഫെഡക്‌സിനെ വിജയകരമായ ഭാവിയിലേക്ക് അദ്ദേഹം നയിക്കുമെന്നുറപ്പുണ്ട്’- ഫെഡക്‌സ് സ്ഥാപകൻ ഫ്രെഡറിക് സ്മിത്ത് പറയുന്നു. 54കാരനായ രാജ് സുബ്രഹ്മണ്യം ഫെഡക്‌സിൽ എത്തുന്നത് 1991ലാണ്. ബോംബെ ഐ ഐടിയിൽ കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമെടുത്ത രാജ് ന്യൂയോർക്കിലെ സിറാക്യൂസ് സർവ്വകലാശാലയിൽ മാസ്‌റ്റേഴ്‌സ് എടുത്തു. പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൽ മാർക്കറ്റിങ്ങിലും ഫിനാൻസിലും എംബിഎ നേടി.

ലോകത്താകെ ആറ് ലക്ഷം പേർ ഫെഡക്‌സിൽ ജോലി ചെയ്യുന്നു. ‘ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഓഹരിപങ്കാളികളുടെയും മൂല്യം ഉയർത്താൻ ഒന്നിച്ച്‌ പരിശ്രമിക്കുമെന്ന ഉറപ്പാണ് സിഇഒ പദവി ഏറ്റെടുക്കുമ്പോൾ രാജ് സുബഹ്മണ്യം നൽകുന്നത്.

1971ൽ യേൽ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെയാണ് ഫ്രെഡറിക് സ്മിത്ത് കൊറിയർ കമ്പനിയുടെ ആശയം ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട് മെംഫിസ് ഇൻറർനാഷണൽ എയർപോർട്ടിനെയും അതിന് ചുറ്റുമുള്ള പ്രദേശങ്ങളെയും കേന്ദ്രീകരിച്ച്‌ കൊറിയർ ആരംഭിച്ചു. 1973ലാണ് പോസ്റ്റ് ഓഫിസുകളേക്കാൾ വേഗത്തിൽ ചെറിയ പാർസലുകളും കത്തുകളും എത്തിക്കാനായി ഫ്രെഡ് സ്മിത് ഫെഡക്സ് കമ്പനി ആരംഭിക്കുന്നത്.1983 ആകുമ്പോഴേക്കും വരുമാനം 100 കോടി ഡോളറായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

മുൻ കേരള ഡിജിപി സി. സുബ്രഹ്മണ്യം ഐപിഎസിൻറെ മകനാണ് തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം. റിട്ട. ഹെൽത്ത് അഡീഷണൽ ഡയറക്ടറായ ഡോ. ബി. കമലമ്മാളാണ് അമ്മ. കവടിയാർ പട്ടം റോഡിലാണ് ഇവർ താമസിക്കുന്നത്.നേരത്തെ രാജിൻറെ സഹോദരൻ രാജീവ് സുബ്രഹ്മണ്യം, രാജിൻറെ ഭാര്യ ഉമ സുബ്രഹ്മണ്യം, രാജിൻറെ മകൻ അർജുൻ രാജേഷ് എന്നിവരും ഫെഡക്‌സിൽ ജോലി ചെയ്തിരുന്നു.