ചൊവ്വയിലെ നിശബ്ദതയ്ക്ക് കാരണം കണ്ടെത്തി ശാസ്ത്രലോകം

Advertisement

വാഷിം​ഗ്ടൺ: ചൊവ്വയിലെ അഗാധമായ നിശബ്ദതയ്ക്ക് കാരണം കണ്ടെത്തി പുതിയ പഠനം. നാസയുടെ പെർസിവെറൻസ് റോവറിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത ശാസ്ത്രജ്ഞർ ഭൂമിയേക്കാൾ വളരെ സാവധാനമാണ് ചൊവ്വയിൽ ശബ്ദം സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി.

ചൊവ്വയുടെ ഉപരിതലത്തിൽ അടിക്കുന്ന പരുക്കൻ കാറ്റിന്റേതടക്കമുള്ള ശബ്ദം പിടിച്ചെടുത്ത് ചൊവ്വയിലെ ശബ്ദ സഞ്ചാരത്തിലെ വ്യത്യാസം കണ്ടെത്താൻ ശാസ്ത്രജ്ഞരെ സഹായിക്കുകയാണ് പെർസിവെറൻസ് റോവർ.

ഭൂമിയിൽ ശബ്ദം സെക്കൻഡിൽ 343 മീറ്റർ സഞ്ചരിക്കുമ്പോൾ ചൊവ്വയിൽ താഴ്ന്ന ശബ്ദം സെക്കൻഡിൽ 240 മീറ്ററും അത്യുച്ചത്തിലുള്ള ശബ്ദം സെക്കൻഡിൽ 250 മീറ്ററുമാണ് സഞ്ചരിക്കുക. ഭുമിയിൽ 65 മീറ്ററോളം സഞ്ചരിച്ചുകഴിയുമ്പോഴാണ് ശബ്ദത്തിന്റെ ശക്തി കുറയുന്നതെങ്കിൽ ചൊവ്വയിൽ വെറും എട്ട് മീറ്റർ സഞ്ചരിക്കുമ്പോൾ തന്നെ ശബ്ദം നേർത്തു തുടങ്ങും.

ചൊവ്വയിലെ ശബ്ദം നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ ആദ്യം മൈക്രോഫോണുകൾ കേടായെന്നാണ് കരുതിയതെന്നും അത്രമാത്രം നിശബ്ദതയായിരുന്നെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. അതേസമയം ഋതുക്കൾ മാറുന്നതനുസരിച്ച്‌ ഇതിൽ വ്യത്യാസമുണ്ടാകും. ശരത്കാലം ആകുന്നതോടെ ചൊവ്വ കുറച്ചെങ്കിലും ശബ്ദമുഖരിതമാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.