ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയിലും; മുൻകരുതൽ സ്വീകരിക്കാൻ രാജ്യങ്ങൾക്ക് നിർദേശം നൽകി ലോകാരോഗ്യസംഘടന

Advertisement

ന്യൂഡൽഹി: കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവിഭാഗങ്ങൾ ചേർന്നുള്ള പുതിയ വേരിയന്റ് ‘എക്സ് ഇ’ ഇൻഡ്യയിലും കണ്ടെത്തി.

മുംബൈയിലാണ് ‘എക്സ് ഇ’ വകഭേദം കണ്ടെത്തിയത്. 376 സാമ്പിളുകൾ പരിശോധിച്ചതിൽ ഒരെണ്ണമാണ് എക്സ് ഇ വകഭേദമെന്ന് തിരിച്ചറിഞ്ഞത്. ബ്രിട്ടനിലാണ് പുതിയ എക്സ് ഇ വകഭേദം ആദ്യം റിപ്പോർട്ട്ചെയ്യപ്പെട്ടത്.

അതിനിടെ ‘എക്സ്‌ഇ’യ്ക്കെതിരെ മുൻ കരുതൽ സ്വീകരിക്കാൻ ലോകാരോഗ്യസംഘടന രാജ്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് എക്സ്‌ഇയെക്കുറിച്ചു മുന്നറിയിപ്പു നൽകിയത്.
ഒമിക്രോണിന്റെ തന്നെ ബിഎ 1, ബിഎ 2 ഉപവിഭാഗങ്ങൾ ചേരുന്നതാണ് എക്സ്‌ഇ വകഭേദം. ‘എക്സ്‌ഇ’ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്.

ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വ്യാപനശേഷിയേറിയതാണ് പുതിയ വകഭേദമെന്നും ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നു. അതേസമയം പുതിയ വകഭേദം രോഗം കടുക്കുന്നതിന് കാരണമാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ.

കോവിഡ് ബാധിച്ച ഒരേ ആളിൽ തന്നെ ഡെൽറ്റയും ഒമൈക്രോണും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് (ഡെൽറ്റക്രോൺ) റിപ്പോർട്ടുകളുണ്ടായിരുന്നു. ഡെൽറ്റയോളം വിനാശകാരിയായില്ലെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയർത്തിയത് ഒമിക്രോൺ വകഭേദത്തിന്റെ ‘ബിഎ.2’ ഉപവിഭാഗമായിരുന്നു.