എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷത ബ്രിട്ടീഷ് രാജ്ഞിയെക്കാൾ സമ്പന്ന; ഭാര്യയ്‌ക്കെതിരായ വിവാദത്തിൽ ബ്രിട്ടീഷ് ധനമന്ത്രിയും സമ്മർദ്ദത്തിൽ

Advertisement

ലണ്ടൻ: ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയും, ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.
നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തി ബ്രിട്ടീഷ് രാജ്ഞിയെക്കാൾ ധനികയെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

42 കാരിയായ അക്ഷതയ്ക്ക് ഇൻഫോസിസിൽ ഏകദേശം നൂറ് കോടി ഡോളറിന്റെ ഓഹരികൾ സ്വന്തമായുണ്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കമ്പനി നൽകിയ വിവരങ്ങളിൽ വ്യക്തമാക്കുന്നു. 2021-ലെ സൺഡേ ടൈംസ് റിച്ച്‌ ലിസ്റ്റ് അനുസരിച്ച്‌, ഇത് അക്ഷത മൂർത്തിയെ എലിസബത്ത് രാജ്ഞിയെക്കാൾ സമ്പന്നയാക്കുന്നു. രാജ്ഞിയുടെ സ്വകാര്യ സ്വത്ത് ഏകദേശം 350 മില്യൺ പൗണ്ട് (460 മില്യൺ ഡോളർ) ആണ്.

ലണ്ടനിലെ കെൻസിംഗ്ടണിൽ എഴുപത് ലക്ഷം പൗണ്ടിന്റെ അഞ്ച് ബെഡ്‌റൂം വീടും കാലിഫോർണിയയിലെ സാന്റാ മോണിക്കയിലുള്ള ഒരു ഫ്ലാറ്റും ഉൾപ്പെടെ കുറഞ്ഞത് നാല് പ്രോപ്പർട്ടികളെങ്കിലും അക്ഷതയും ഋഷി സുനക്കും സ്വന്തമാക്കിയിട്ടുണ്ട്.

2013 ൽ സുനക്കിനൊപ്പം സ്ഥാപിച്ച വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയായ കാറ്റമരൻ വെഞ്ച്വേഴ്സിന്റെ ഡയറക്ടർ കൂടിയാണ് അക്ഷത. ബ്രിട്ടനിലെ കൺസ്യൂമർ നിരക്ക് കുതിച്ചുയരുന്നത് ഋഷി സുനക്കിന്റെ ജനപ്രീതി കുറയ്ക്കുന്നതായാണ് റിപ്പോർട്ട്.

ബ്രിട്ടിഷ് പൗരത്വം ഇല്ലാത്തതിനാൽ ഇതരരാജ്യങ്ങളിൽനിന്നുള്ള വരുമാനത്തിന് അക്ഷത നികുതി നൽകിയിരുന്നില്ല. ഇതു വിവാദമായിരുന്നു. ഈ വിവാദങ്ങളും ഋഷി സുനക്കിനെ സമ്മർദ്ദത്തിലാക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.