പോയിസൺ പിൽ : പതിനെട്ടാമത്തെ അടവുമായി ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ്

Advertisement

ന്യൂഡൽഹി∙ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല ഉടമയുമായ ഇലോൺ മസ്ക് ബലമായി ഏറ്റെടുക്കുന്നത് തടയാനായി ‘പതിനെട്ടാമത്തെ അടവുമായി’ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ്.

മസ്കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ ‘പോയിസൺ പിൽ’ (വിഷഗുളിക) എന്ന കോർപറേറ്റ് തന്ത്രം നടപ്പാക്കാനാണ് ട്വിറ്ററിന്റെ തീരുമാനം.

നിലവിൽ കമ്പനിയിൽ 9.1 ശതമാനം ഓഹരിയുള്ള ഇലോൺ മസ്ക്കിന്റെ ഓഹരിവിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമാണ് ലക്ഷ്യം. നിക്ഷേപകതാൽപര്യത്തിനു വിരുദ്ധമാണ് നീക്കമെന്നും ഇതുണ്ടാക്കുന്ന ബാധ്യത ‘ടൈറ്റാനിക്’ പോലെ വലുതായിരിക്കുമെന്നും ഇലോൺ തിരിച്ചടിച്ചു.

ഒരു കമ്പനിക്ക് താൽപര്യമില്ലാത്തപ്പോൾ അതിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്ന ‘ഹോസ്റ്റൈൽ ടേക്ക്‌ഓവർ’ രീതി തടയാൻ സ്വീകരിക്കുന്ന അവസാനമാർഗമാണ് ‘ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ’. ശത്രുരാജ്യത്തിന്റെ പിടിയിൽ അകപ്പെടുമെന്ന് ഉറപ്പാകുമ്പോൾ പല രാജ്യങ്ങളിലും ചാരന്മാരും സൈനികരും ആത്മഹത്യ ചെയ്യാൻ കയ്യിൽ വിഷഗുളിക കരുതുന്ന രീതിയുണ്ടായിരുന്നു. ശത്രുവിന്റെ മൃഗീയമായ പീഡനം, ചോദ്യംചെയ്യൽ എന്നിവ ഒഴിവാക്കാൻ സ്വീകരിക്കുന്ന മാർഗമാണ് ഈ ആത്മഹത്യ.

Advertisement