ലോകത്തിലെ അഞ്ചാമത്തെ സമ്പന്നൻ ഗൗതം അദാനി

Advertisement

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ സമ്പന്നൻ. വാറൻ ബഫറ്റിനെ പിന്തള്ളിയാണ് 59കാരനായ ഗൗതം അദാനി അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്.

അദാനി ഗ്രൂപ്പ് ചെയർമാനാണ് ഇദ്ദേഹം.

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനാണ് ഗൗതം അദാനി. 123.7 ബില്യൺ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്ന് ഫോബ്‌സ് റിപ്പോർട്ട് പറയുന്നു. 2022ൽ 43 ബില്യൺ ഡോളർ വരുമാനമാണ് ഗൗതം അദാനി നേടിയത്.

269.7 ബില്യൺ ഡോളർ സമ്പാദ്യവുമായി ഇലോൺ മസ്‌കാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടു പിന്നാലെ 170.2 ബില്യൺ ഡോളർ ആസ്തിയുമായി ആമസോൺ മേധാവി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 167.9 ബില്യൺ ഡോളർ സമ്പാദ്യവുമായി എൽഎംവിഎച്ച്‌ ഉടമ ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്തുമുണ്ട്.

നാലാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ആണുള്ളത്. 130.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 104.2 ബില്യൺ യുഎസ് ഡോളറുമായി എട്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയുമുണ്ട്.

റിന്യൂവബിൾ എനർജി കമ്പനിയായ അദാനി ഗ്രീൻ ലിസ്റ്റ് ചെയ്തതിന് ശേഷം അദാനിയുടെ സമ്പത്ത് അഞ്ച് മടങ്ങ് വർധിച്ചിരുന്നു. 2020ൽ 17 ബില്യൺ ഡോളറായിരുന്ന സമ്പാദ്യം 81 ബില്യൺ ഡോളറായാണ് വർദ്ധിച്ചത്. ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള അദാനി ബ്ലുംബർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സമ്പന്നരുടെ പട്ടികയിൽ രണ്ടാമതാണ്.