ബിന്‍ലാദനെ അമേരിക്ക വേട്ടയാടി തീര്‍ത്തിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു,‌ഞെട്ടിക്കുന്ന വിവരങ്ങള്‍

Advertisement

വാഷിംഗ്ടണ്‍ : ഭീകരന്‍ ഒസാമ ബിന്‍ ലാദനെ അമേരിക്ക നിശ്ചയദാഢ്യത്തോടെ വേട്ടയാടി തീര്‍ത്തിരുന്നില്ലെങ്കില്‍ അമേരിക്കയുടെ നില ഇന്ന് ഇന്ന് ഇതാകുമായിരുന്നില്ലെന്ന് കണ്ടെത്തല്‍. ഒസാമയുടെ പദ്ധതികള്‍ സംബന്ധിച്ച് അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ കണ്ടെത്തെിയ വിവരങ്ങളാണ് യുഎസിനെ ഇപ്പോഴും ഞെട്ടിക്കുന്നത്.

യാത്രാ വിമാനങ്ങള്‍ ഉപയോഗിച്ച് അംബരചുംബികളായ ഇരട്ട ഗോപുരങ്ങളെ ഇടിച്ച് തകര്‍ക്കുക എന്നത് അക്കാലത്ത് കമ്ബ്യൂട്ടര്‍ ഗെയിമുകളില്‍ പോലും ഇല്ലാതിരുന്ന കാര്യമാണ് 2001ല്‍ അല്‍ഖ്വയിദ അമേരിക്കയില്‍ നടപ്പിലാക്കിയത്
ലോകത്തെ നടുക്കി വിറങ്ങലിപ്പിച്ച് മൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ 9/11 ഭീകരാക്രമണത്തില്‍ അമേരിക്ക കുറ്റക്കാരെ തേടി എത്തിയത് അഫ്ഗാനിസ്ഥാനിലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കൊടുംഭീകരന്‍ ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ വച്ച് അമേരിക്കയ്ക്ക് കൊലപ്പെടുത്താന്‍ കഴിഞ്ഞത്.

അമേരിക്ക അതീവ ശ്രമകരമായ ഈ നീക്കംനടത്തിയില്ലായിരുന്നുവെങ്കില്‍ ലോകത്തിന് കൂടുതല്‍ പരിക്കുകള്‍ ഒസാമ ബിന്‍ ലാദന്‍ ഏല്‍പ്പിക്കുമായിരുന്നു. ഭീകരന്‍ പ്ലാന്‍ ചെയ്ത ആക്രമണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

വേള്‍ഡ് ട്രേഡ് സെന്ററിലെ ആക്രമണത്തിന് ശേഷം അമേരിക്കയില്‍ ഒന്നിലേറെ ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഒസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നത്. 2011ല്‍ ബിന്‍ ലാദനെ വധിച്ച സ്ഥലത്ത് നിന്നും യുഎസ് നേവി സീലുകള്‍ ശേഖരിച്ച കത്തുകളില്‍ നിന്നുമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഗവേഷകയായ നെല്ലി ലഹൂദ്, 11 വര്‍ഷം മുമ്ബ് യുഎസ് നേവി സീലുകള്‍ അമേരിക്കയിലേക്ക് കൊണ്ടുവന്ന ആയിരക്കണക്കിന് ഒസാമ ബിന്‍ ലാദന്റെ വ്യക്തിപരമായ കത്തുകളും കുറിപ്പുകളും പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. 9/11 ന് ശേഷം യാത്രാ വിമാനങ്ങള്‍ക്ക് പകരം സ്വകാര്യ ജെറ്റുകള്‍ ഉപയോഗിച്ച് അമേരിക്കയില്‍ ആക്രമണം നടത്താനാണ് ലാദന്‍ തീരുമാനിച്ചത്. തന്ത്ര പ്രധാന സ്ഥലങ്ങളില്‍ ഇങ്ങനെ ആക്രമണം നടത്താനും ശ്രമം നടത്തി. ഇതിന് പിന്നാലെ അമേരിക്കന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്നതിനായി മറ്റൊരു പദ്ധതിക്കും ആസൂത്രണം നടത്തിയിരുന്നു. ട്രെയിന്‍ പാളം തെറ്റിക്കാനായിരുന്നു പദ്ധതി. ഇതിനായി യുഎസ് റെയില്‍പാതയില്‍ നിന്ന് 12 മീറ്റര്‍ വെട്ടിമാറ്റാന്‍ ബിന്‍ ലാദന്‍ തന്റെ അനുയായികളെ പ്രേരിപ്പിച്ചു. ഈ പദ്ധതിയെ കുറിച്ച് മുന്‍പും വിവരങ്ങള്‍ പുറത്ത് വന്നിരുന്നുവെങ്കിലും സ്ഥിരീകരണം ഇപ്പോഴാണുണ്ടായത്.

എന്നാല്‍ ലാദന്റെ ഈ പദ്ധതികളെല്ലാം കത്തില്‍ മാത്രം അവസാനിച്ചതിന് പിന്നില്‍ അമേരിക്കയായിരുന്നു. 9/11 ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ യു എസ് നടത്തിയ ആക്രമണം ഒസാമ ബിന്‍ ലാദനെ ഞെട്ടിച്ചു. മറ്റൊരു രാജ്യത്ത് കയറി അമേരിക്ക ശക്തമായ ആക്രമണം നടത്തുമെന്ന് ഭീകരന്‍ കരുതിയിരുന്നില്ല. ഈ സംഭവത്തിന് ശേഷം അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ഒസാമ തന്റെ കൂട്ടാളികളുമായി ആശയവിനിമയം നടത്തിയിരുന്നില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

അമേരിക്കയ്ക്ക് പുറമേ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ആക്രമണം നടത്താന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നു. ക്രൂഡ് ഓയില്‍ ടാങ്കറുകളെയാണ് ലക്ഷ്യം വച്ചത്. ഇതിനായ് അധികൃതരുടെ കണ്ണുവെട്ടിച്ച് പോകാനാവുന്ന ബോട്ടുകളുടെ വിവരം ശേഖരിക്കാന്‍ ലാദന്‍ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. ലാദനെ അമേരിക്ക വധിച്ചതിന് ശേഷം തീവ്രവാദ സംഘടനയുടെ രണ്ടാമത്തെ കമാന്‍ഡറായിരുന്ന അയ്മാന്‍ അല്‍ സവാഹിരിയാണ് അല്‍ ഖ്വയ്ദയുടെ ചുമതല ഏറ്റെടുത്തത്. ഭീകരതക്കെതിരെ ശക്തമായി ഇറങ്ങിതിരിച്ച അമേരിക്കന്‍ ഭരണ നേതൃത്വത്തിന് സാമ്പത്തികനഷ്ടവും ആള്‍നാശവും മൂലം വലിയ വിമര്‍ശനം സ്വരാജ്യത്ത് ഏല്‍ക്കേണ്ടി വന്നു.അതിനാലാണ് അഫ്ഗാന്‍ നടപടി ദുര്‍ബലമാവുകയും പിന്നീട് വിട്ടുപോകുന്നതിലെത്തുകയും ചെയ്തത്. എന്നാല്‍ ഭീകരതയുടെ ചുവടറുക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ വിപത്ത് പടരുകയാവും ഫലമെന്നാണ് വിലയിരുത്തല്‍

Advertisement