കൊവി‌ഡ് ബാധിച്ചവരിൽ പൂർണമായി ഭേദമാകുന്നത് നാലിലൊന്നു പേർക്ക് മാത്രം; പഠനത്തിലെ കണ്ടെത്തലുകൾ ഗുരുതരം

Advertisement

ലണ്ടൻ: കൊവിഡ് ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ നാലിലൊന്ന് പേർ മാത്രമേ ഒരു വർഷത്തിന് ശേഷവും പൂർണമായി സുഖം പ്രാപിക്കുന്നുള്ളൂവെന്ന് പഠനം.

ദി ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച യുകെയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ലെസ്റ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.

യുകെയിൽ ഉടനീളം പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്‌ചാർജ് ചെയ്യുകയും ചെയ്തവരിലാണ് പഠനം നടത്തിയത്. യു കെയിലെ ദേശീയ ആരോഗ്യ സേവന രംഗത്തിന് കീഴിലുള്ള 39 ആശുപത്രിയിൽ നിന്നുള്ള രോഗികളിൽ അഞ്ച് മാസം മുതൽ ഒരു വർഷം വരെ ഫോളോ അപ്പ് ചെയ്തവരെയാണ് പഠനത്തിനായി ഉപയോഗിച്ചത്. 2020 മാർച്ച്‌ ഏഴിനും 2021 ഏപ്രിൽ 18നും ഇടയിൽ ആശുപത്രിയിൽ നിന്നും ‌ഡിസ്‌ചാർജ് ആയ 2320 പേരുടെ ആരോഗ്യപരമായ കാര്യങ്ങൾ അഞ്ച് മാസത്തിന് ശേഷം വിലയിരുത്തി. 807 പേരെ അഞ്ച് മാസത്തിനും ഒരു വർഷത്തിനും ശേഷം വിലയിരുത്തി.

807 പേരുടെ ശരാശരി പ്രായം 59 ആണ്. ഇവരിൽ 279 പേർ സ്ത്രീകളും 28 ശതമാനം പേർ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയും ചെയ്തവരാണ്. കൊവിഡ് ബാധിച്ച്‌ ആശുപത്രി ചികിത്സ വേണ്ടിവന്നവരിൽ പുരുഷൻമാരേക്കാൾ സ്ത്രീകളിൽ ഒരു വർഷത്തിനുള്ളിൽ പൂർണമായും രോഗമുക്തി നേടാനുള്ള സാദ്ധ്യത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. അമിത വണ്ണമുള്ളവരിലും വെന്റിലേറ്ററിൽ കഴിഞ്ഞവരിലും പൂർണ രോഗമുക്തി സാദ്ധ്യത കുറവാണെന്നും പഠനം വിലയിരുത്തി. ഇത്തരക്കാർക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്ന പുനരധിവാസം വേണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ക്ഷീണം, പേശിവേദന, ശാരീരികമായി മന്ദഗതിയിലാവുക, ഉറക്കക്കുറവ്, ശ്വാസതടസം എന്നിവയാണ് കൊവിഡ് ബാധിച്ചവരിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങൾ. ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് നേടി അഞ്ച് മാസത്തിനപ്പുറവും ഒരു വർഷത്തിന് ശേഷവുമുള്ള ശാരീരിക പ്രവർത്തനങ്ങൾ, അവയവങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. വിവിധ കോശജ്വലന പ്രോട്ടീനുകളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി പഠനത്തിൽ പങ്കെടുത്തവരിൽ നിന്ന് ആശുപത്രി വിട്ട് അഞ്ച് മാസത്തിന് ശേഷം രക്ത പരിശോധനയും നടത്തിയിരുന്നു.

പഠനത്തിൽ പങ്കെടുത്ത 2320 പേരിൽ 1636 പേരെ ഒരു ക്ളസ്റ്ററായി വിലയിരുത്താൻ മതിയായ റിപ്പോർട്ടുകൾ പഠനത്തിൽ കണ്ടെത്തിയിരുന്നു. 319 പേർക്ക് വളരെ ഗുരുതരമായ മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും 493 പേർക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും 179 പേർക്ക് തീവ്രത കുറഞ്ഞ പ്രശ്നങ്ങളുണ്ടെന്നും 645 പേർക്ക് മിതമായ പ്രശ്നങ്ങൾ നേരിട്ടുവെന്നും പഠനത്തിൽ കണ്ടെത്തി.

അമിതവണ്ണമുള്ളവരിലും വ്യായാമം ചെയ്യുന്നത് കുറവുള്ളവരിലും കൂടുതൽ രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരിലും കോശജ്വലനത്തിന് കാരണമാവുന്ന സി റിയാക്ടീവ് പ്രോട്ടീനുകൾ കൂടുതലുള്ളവരിലുമാണ് രോഗം ഗുരുതരമായതായി പഠനത്തിൽ വിലയിരുത്തിയത്. ഫലപ്രദമായി ചികിത്സ നൽകിയില്ലെങ്കിൽ കൊവിഡ് ബാധിച്ചവരിൽ ഒരു വർഷത്തിന് ശേഷവും രോഗം പൂർണമായി ഭേദമാകാത്ത അവസ്ഥ ഗുരുതരമായ പ്രശ്നമായി മാറുമെന്നും വ്യക്തികളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിഷയം കണക്കിലെടുത്ത് കൂടുതൽ ശ്രദ്ധ നൽകണമെന്നും ശാസ്ത്രജ്ഞർ ശുപാർശ ചെയ്യുന്നു.