ആകാശത്ത് കത്തിജ്വലിച്ച്‌ വമ്പൻ തീഗോളം, പൊട്ടിത്തെറിക്കുന്ന ശബ്ദം: ജനങ്ങൾ ഭീതിയിൽ

Advertisement

വാഷിംഗ്ടൺ: ആകാശത്ത് കത്തിജ്വലിച്ച്‌ വമ്പൻ തീഗോളം. മൂന്ന് ദക്ഷിണമേരിക്കൻ സംസ്ഥാനങ്ങളിലാണ് മണിക്കൂറിൽ 55,000 മൈൽ വേഗതയിൽ വമ്പൻ ശബ്ദത്തോടെ തീഗോളം കണ്ടത്.

യുഎസിലെ അർക്കൻസാസ്, ലൂസിയാന, മിസിസിപ്പി എന്നീ തെക്കൻ സംസ്ഥാനത്താണു പ്രതിഭാസം സംഭവിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, രാവിലെ 8 മണിയോടെയാണ് മിസിസിപ്പിയിലെ ക്ലൈബോൺ കൗണ്ടിയിലും പരിസര പ്രദേശങ്ങളിലും തീഗോളം കണ്ടത്.

സംഭവം നാസ സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ അപൂർവമായ ഒരു കാഴ്ചയാണിതെന്ന് അലബാമയിലെ ഹണ്ട്സ്വില്ല മാർഷൽ സ്പേസ് ഫ്‌ലൈറ്റ് സെന്ററിലെ നാസ മെറ്റിറോയിഡ് എൻവയോൺമെന്റ് ഓഫീസിന്റെ ലീഡ് ബിൽ കുക്ക് പറഞ്ഞു. മിസിസിപ്പി നദിക്ക് 54 മൈൽ ഉയരത്തിൽ, മിസിസിപ്പിയിലെ അൽകോണിന് സമീപമാണ് ഇത് ആദ്യം കണ്ടതെന്ന് അധികൃതർ പറഞ്ഞു.

നാസയുടെ സ്ഥിരീകരണത്തോടൊപ്പം മിസിസിപ്പി എമർജൻസി മാനേജ്മെന്റ് ഏജൻസി ഇതിന്റെ ഉപഗ്രഹ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അഗ്‌നിഗോളം ആളപായമോ സ്വത്ത് നാശമോ ഉണ്ടാക്കിയിട്ടില്ലെന്നും നാസ അറിയിച്ചു.

അന്തരീക്ഷത്തിൽ പൊട്ടിത്തെറിക്കുന്ന വലിയ ഉൽക്ക എന്ന് അർത്ഥം വരുന്ന ബോലൈഡ് എന്നു ശാസ്ത്രജ്ഞർ വിളിച്ച വസ്തു, മണിക്കൂറിൽ 85,000 കിലോമീറ്റർ എന്ന അതിവേഗത്തിൽ തെക്കുകിഴക്കൻ ദിശയിലൂടെ പാഞ്ഞുപോയി. പിന്നീട്, ലൂസിയാനയിലെ മിനോർക്കയിലെ കോൺകോർഡിയ പാരിഷ് കമ്മ്യൂണിറ്റിയുടെ വടക്ക് ചതുപ്പ് പ്രദേശത്തിന് 34 മൈൽ മുകളിൽ പല കഷണങ്ങളായി അഗ്‌നിഗോളം ചിതറി .

തുടർന്ന്, കടുത്ത ഓറഞ്ച് നിറത്തിൽ കത്തിജ്വലിച്ച്‌ തീഗോളമായി മാറി. വെളുത്ത നിറത്തിൽ വാലുപോലെ ഒരു ഘടനയും കണ്ടെന്ന് ചിലർ പറയുന്നു. അഗ്‌നിഗോളത്തിന് പൂർണ്ണ ചന്ദ്രനേക്കാൾ 10 മടങ്ങ് തിളക്കമുണ്ടെന്ന് നാസ പറഞ്ഞു.

Advertisement