കൊവിഡ്: ചൈനയിൽ നിന്നെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടു പോകാൻ നടപടികൾ ആരംഭിച്ചു

Advertisement

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൈനയിൽ നിന്നെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ പഠനത്തിനായി തിരികെ കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ച്‌ ചൈന.

കൊവിഡിന്റെ പശ്ചാത്തലത്തിൽ 20,000ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് 2020ൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ചൈനീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരേണ്ട വിദ്യാർത്ഥികളുടെ പട്ടിക സമർപ്പിക്കാൻ ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു.

പഠനാവശ്യത്തിന് ചൈനയിലേക്ക് തിരികെപ്പോകാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ മെയ് എട്ടിനകം ഇന്ത്യൻ മിഷന്റെ വെബ്സൈറ്റിൽ ഗൂഗിൾ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ വിവരങ്ങൾ നൽകണമെന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി അറിയിച്ചു. പട്ടിക പരിശോധിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ സാധിക്കുമോ എന്ന കാര്യം അറിയാനായി ചൈനീസ് സർക്കാർ ബന്ധപ്പെട്ട സർവകലാശാലകളെ സമീപിക്കും. ചൈനയിലേക്ക് തിരികെയെത്തേണ്ടവരുടെ ആവശ്യം മുൻനിർത്തിയാണ് അനുവാദം നൽകുക. എന്നാൽ അതിനുള്ള സമയക്രമം ഇതുവരെ നിശ്ചയിച്ചിട്ടില്ല.

വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ചൈന എന്തെങ്കിലും മാനദണ്ഡം ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളെ മടങ്ങിപ്പോകാൻ അനുവദിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.

Advertisement