ന്യൂയോർക്ക്: രാജ്യത്ത് 18 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സാപ്പ്. മാർച്ച് 1 നും മാർച്ച് 31 നും ഇടയിലുള്ള സമയത്തെ കണക്കുകളാണിത്.
‘ഐടി റൂൾസ് 2021 അനുസരിച്ച്, 2022 മാർച്ച് മാസത്തെ റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിച്ചു. ഈ ഉപയോക്തൃ-സുരക്ഷാ റിപ്പോർട്ടിൽ ഞങ്ങൾക്ക് ലഭിച്ച പരാതികളുടെയും അതിന്മേൽ സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും വാട്ട്സാപ്പിന്റെ പ്രതിരോധ നടപടികളും അടങ്ങിയിരിക്കുന്നു. മാർച്ച് മാസത്തിൽ വാട്ട്സാപ്പ് 1.8 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചു’ – കമ്പനി വക്താവ് പറഞ്ഞു.
വ്യാജ വിവരങ്ങൾ കൈമാറൽ, മറ്റ് ഉപയോക്താക്കളെ കബളിപ്പിക്കൽ തുടങ്ങിയവയാണ് അക്കൗണ്ടുകൾ നിരോധിച്ചതിനുപിന്നിലെ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.
മെസേജിംഗ് പ്ലാറ്റ്ഫോമിൽ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് തടയാനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാട്ട്സാപ്പ് നടപടികൾ കെെക്കൊള്ളുന്നുണ്ട്. ഈയടുത്തായി ഫോർവേഡിംഗ് സന്ദേശങ്ങൾ അയക്കുന്നത് ഇവർ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.