വാഷിങ്ടൺ: ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കറുത്ത വർഗക്കാരിയെ നിയമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
ജെൻ സാക്കി മെയ് 13നു വിരമിച്ച് എംഎസ്എൻബിസിസി ചാനലിലേക്ക് മടങ്ങുമ്പോൾ ഈ സ്ഥാനമേൽക്കുന്ന ജീൻപിയറി ഈ തസ്തികയിൽ നിയമിക്കപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ്. നിലവിൽ പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയാണ് അവർ.ദീർഘകാലമായി ബൈഡന്റെ ഉപദേഷ്ടാവായിരുന്ന ജീൻപിയറി 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തു ഡെമോക്രാറ്റിക് പാർട്ടിയുടെ സീനിയർ അഡൈ്വസറും ആയിരുന്നു. അതിനു മുൻപ് 2008ലും 2012ലും ഒബാമയുടെ പ്രചാരണ ടീമിലും അവർ ഉണ്ടായിരുന്നു.
ജീൻപിയറിയുടെ പരിചയ സമ്പത്തിനെയും കഴിവുകളെയും സ്വഭാവഭദ്രതയേയും ബൈഡൻ പ്രസ്താവനയിൽ പ്രകീർത്തിച്ചു.
ദിവസേന മാധ്യമങ്ങളോട് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ചുമതലയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്കുള്ളത്.സ്വവർഗരതി തുറന്നു സമ്മതിച്ചിട്ടുള്ള ആദ്യത്തെ പ്രസ് സെക്രട്ടറി എന്ന പ്രത്യേകത കൂടിയുണ്ട് ജീൻപിയറിക്ക്. ന്യുയോർക്കിൽ വളർന്ന അവരുടെ മാതാപിതാക്കൾ ഹൈഷിയിൽ നിന്നു വന്നവരാണ്. ‘അമ്മ ശുചീകരണ തൊഴിലാളിയും പിതാവ് ടാക്സി ഡ്രൈവറും ആയിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നാണു ജീൻപിയറി ബിരുദമെടുത്തത്.കരീൻ പിയറിനെ പ്രസ് സെക്രട്ടറിയായി പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അനുഭവപരിചയം, കഴിവ്, സമഗ്രത എന്നിവ കണക്കിലെടുത്താണ് കരീനിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.