സൈന്യത്തെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ; പിന്തുണയ്ക്കും എന്നാൽ സേനയെ നൽകില്ല

Advertisement

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും ശ്രീലങ്കയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന് പൂർണ പിന്തുണ നൽകുമെന്ന് പറഞ്ഞ ഇന്ത്യ എന്നാൽ സൈന്യത്തെ അയക്കുമെന്ന റിപ്പോർട്ടുകൾ തള്ളി.

കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇന്ത്യൻ സേനയെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ചത്.

ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും രാജ്യത്തിന്റെ സ്ഥിരതയ്ക്കുമായി ഇന്ത്യ സമ്പൂർണ പിന്തുണ നൽകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണം. പ്രക്ഷോഭകരിൽ നിന്നും രക്ഷപ്പെടുന്നതിനായി ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയും കുടുംബവും ഇന്ത്യയിലേക്ക് പലായനം ചെയ്തുവെന്ന വാർത്തകൾ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സേനയെ കൊളംബോയിലേക്ക് അയക്കുമെന്ന റിപ്പോർട്ടുകൾ ഇന്ത്യ തള്ളിയത്.

കടുത്ത സാമ്പ ത്തിക പ്രതിസന്ധിയിലും നിയന്ത്രണങ്ങളിലും നട്ടം തിരിഞ്ഞ ജനം കനത്ത പ്രക്ഷോഭങ്ങളിലേക്ക് കടന്നതോടെയാണ് രാജപക്സ രാജി വയ്ക്കുന്നത്.ഔദ്യോഗിക വസതി വളഞ്ഞ സമരക്കാരെ അനുയായികളെ വിട്ട് അടിച്ചമർത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ രാജിവച്ചൊഴിയുക എന്നല്ലാതെ മറ്റ് മാർഗങ്ങളില്ലാതാവുകയായിരുന്നു. ഇതോടെ രാജ്യമാകെ കലാപം പടർന്നുപിടിച്ചു. പ്രക്ഷോഭത്തിൽ എട്ട് പേർ മരിക്കുകയും 250ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭരണപക്ഷ നിരവധി മന്ത്രിമാരുടെയും മറ്റും വീടുകളും വാഹനങ്ങളും സമരക്കാർ തീയിട്ട് നശിപ്പിച്ചു.മഹിന്ദയുടെ ഹമ്പൻതോട്ടയിലെ കുടുംബവീടും കുറുനെഗല സിറ്റിയിലെ വസതിയും അഗ്നിക്കിരയാക്കി. മുൻ മന്ത്രി ജോൺസ്റ്റൻ ഫെർണാൻഡോയുടെയും നാല് എം.പിമാരുടെയും രണ്ട് മേയർമാരുടെയും ഔദ്യോഗിക വസതികൾ തീയിട്ട് നശിപ്പിച്ചു. ഭരണകക്ഷി എം.പിമാരെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തു. പാർട്ടി ഓഫീസുകളും കത്തിച്ചു.

അതേസമയം, രാജപക്സയും കുടുംബവും ട്രിങ്കോമാലിയിലെ നാവികത്താവളത്തിൽ ഒളിച്ചു കഴിയുന്നുവെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. മഹിന്ദയുടെ ടെംപിൾ ട്രീസ് ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകർ കടന്നുകയറുമെന്ന സ്ഥിതി വന്നതോടെ സൈന്യം ഹെലികോപ്‌ടറിൽ മഹിന്ദയെയും കുടുംബത്തെയും നാവികത്താവളത്തിലേക്ക് മാറ്റുകയായിരുന്നു.

1948ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം കാണുന്ന ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. മഹിന്ദ രാജപക്‌സയുടെ അനുജനും ശ്രീലങ്കൻ പ്രസിഡന്റുമായ ഗോതബയ രാജപക്സ രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് പ്രക്ഷോഭകരുടെ തീരുമാനം.

കൊവിഡിൽ ടൂറിസം മേഖലയിൽ നിന്നുമുള്ള വരുമാനം നിലച്ചതും ചൈനയിൽ നിന്ന് വാങ്ങിക്കൂട്ടിയ കടവും ശ്രീലങ്കൻ സമ്പദ്ഘടനയെ തകർക്കുകയായിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രീലങ്കൻ രൂപയുടെ മൂല്യം സർക്കാർ 36 ശതമാനം കുറച്ചതോടെ പണപ്പെരുപ്പം രൂക്ഷമായി. അവശ്യസാധനവില കുതിച്ചുയർന്നു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവ കിട്ടാതായി. അരിക്കും പാലിനുമൊക്കെ വില നാലിരട്ടി. ഡീസലും മണ്ണെണ്ണയുമില്ലാതെ മീൻപിടിത്തവും നിലച്ചു. അച്ചടിക്കടലാസിന്റെ ക്ഷാമം കാരണം പരീക്ഷകൾ വരെ മാറ്റി. വൈദ്യുതി നിലയങ്ങൾ അടച്ചതോടെ രാജ്യം ഇരുട്ടിലുമായി. ഇതാണ് രാജ്യത്തെ കലാപത്തിലേക്കും തുടർന്ന് മഹിന്ദ രാജപക്‌സയുടെ രാജിയിലേക്കും നയിച്ചത്.