മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കിയേക്കും, കൊഴിഞ്ഞുപോക്ക് തടയാനെന്ന് സി.ഇ.ഒ

Advertisement

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചെന്ന് കമ്ബനി സിഇഒ സത്യ നാദെല്ല.

അദ്ദേഹംതന്നെയാണ് ഇ-മെയിൽ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ജീവനക്കാർ വലിയതോതിൽ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോർട്ട്.

ജീവനക്കാരുടെ മികച്ച പ്രകടനം നിമിത്തം കമ്പനിക്ക് ഉണ്ടാക്കാനായിട്ടുള്ള മികച്ച നേട്ടങ്ങളിൽ ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയിൽ സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാർക്ക് നൽകുന്ന ശമ്പളം ആഗോള തലത്തിൽ ഇരട്ടിക്കടുത്ത് വർധിപ്പിക്കാൻ തീരുമാനിച്ചതായും സന്ദേശത്തിൽ പറയുന്നു.

അതേസമയം, മാനേജർമാർ, വൈസ് പ്രസിഡന്റുമാർ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ശമ്പളവർധന താരതമ്യേന കുറഞ്ഞ പ്രയോജനമേ ഉണ്ടാക്കൂ. അവരുടെ ശമ്പളം 25 ശതമാനത്തോളമാണ് ഉയരുക. മറ്റുള്ളവർക്ക് കൂടുതൽ വർധന ലഭിക്കും. കരിയറിന്റെ ആരംഭ-മധ്യ ഘട്ടങ്ങളിലുള്ളവർക്ക് ശമ്പള വർധനവിന്റെ പ്രയോജനം കൂടുതലായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വൻകിട ആഗോള കമ്പനികളിൽനിന്ന് വലിയതോതിൽ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ശമ്പളവർധന കൊണ്ടുവരാൻ കമ്പനികൾ നിർബന്ധിതരാകുന്നതെന്നാണ് റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരിയിൽ ആമസോണും ജനുവരിയിൽ ഗൂഗിളും ജീവനക്കാരുടെ ശമ്പളം ഏകദേശം ഇരട്ടിയാക്കി വർധിപ്പിച്ചിരുന്നു.

Advertisement