പ്രതിവർഷം മലിനീകരണം മൂലം മരിക്കുന്നത് 90 ലക്ഷം പേർ; ഇതുവരെ ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ

Advertisement

ന്യൂയോർക്ക്: കൊവിഡ് എന്ന വൈറസ് നമുക്ക് ചുറ്റുമുള്ളവരുടെ ജീവൻ കവർന്നെടുത്തപ്പോഴാണ് അത് എത്രത്തോളം മാരകമാണെന്ന കാര്യം നമുക്ക് മനസിലായത്.

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി നമ്മുടെ ദിനചര്യകൾ ഉൾപ്പടെയുള്ള കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത കൊവിഡ് ലോകത്താകമാനമുള്ള 6.2 ദശലക്ഷം മനുഷ്യ ജീവനാണ് കവർന്നെടുത്തത്.

എന്നാൽ അതിനേക്കാളേറെ മാരകവും ആശങ്കാജനകവുമായ ഒരു പ്രതിഭാസത്തിന് നടുവിലൂടെയാണ് നാം കടന്ന് പോകുന്നത്. മലിനീകരണത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. കൊവിഡ് കവർന്നത് 60 ലക്ഷം പേരുടെ ജീവൻ മാത്രമാണെങ്കിൽ മലിനീകരണം വർഷാവർഷം കൊന്നൊടുക്കുന്നത് അതിലേറെപ്പേരെയാണ്.

ആഗോള തലത്തിൽ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം, യുദ്ധം, തീവ്രവാദം, മലേറിയ, എയ്ഡ്സ്, ക്ഷയം, മയക്കുമരുന്ന്, മദ്യം എന്നിവ സൃഷ്ടിക്കുന്ന ആഘാതത്തേക്കാൾ വളരെ വലുതാണെന്നാണ് മലിനീകരണവും ആരോഗ്യവും സംബന്ധിച്ച ലാൻസെറ്റ് കമ്മീഷൻ വ്യക്തമാക്കുന്നത്.

പ്രതികൂല മാറ്റങ്ങൾക്ക് കാരണമാകുന്നതും പ്രകൃതിയുടെ സ്വാഭാവിക സവിശേഷതകളിൽ മാറ്റം വരുത്തുന്ന ഏതെങ്കിലും രാസ, ഭൗതിക, ജൈവ പദാർത്ഥങ്ങൾ പരിസ്ഥിതിയിൽ തങ്ങി നിൽക്കുന്ന അവസ്ഥയാണ് മലിനീകരണം.

ഇതിൽ തന്നെ ഏറ്റവും വില്ലൻ വായു മലിനീകരണമാണ്. ഗാർഹിക ജ്വലനം, ഉപകരണങ്ങളുടെയോ മോട്ടോർ വാഹനങ്ങളുടെയോ വ്യാവസായിക മെഷീനുകളുടെയോ പ്രവർത്തനം, കാട്ടുതീ, തുടങ്ങിയവയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന ഉറവിടകങ്ങൾ. ഫോസിൽ ഇന്ധനത്തിന്റെ ജ്വലനം, ഹരിതഗ്രഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവയും മലിനീകരണത്തിന്റെ പ്രധാന കാരണക്കാരായി കണക്കാക്കാറുണ്ട്.

വീടിനുള്ളിലും പുറത്തും ഉണ്ടാകുന്ന വായു മലിനീകരണം ശ്വസന സംബന്ധിയായ അസുഖങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. വായുമലിനീകരണത്തിലൂടെയുള്ള മരണത്തിന് പ്രധാന കാരണങ്ങൾ ഇവയാണ്.

വായുവിന്റെ ഗുണനിലവാരത്തിന് ഭൂമിയുടെ കാലാവസ്ഥയുമായും ആഗോള ആവാസവ്യവസ്ഥയുമായും അഭേദ്യമായ ബന്ധമാണുള്ളത്. അതിനാൽ വായുമലിനീകരണം കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായി ഭവിക്കാറുണ്ട്.

മലിനീകരണത്തിന് നേരിട്ട് കാരണക്കാരാവുകയും, മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്ന രാസ വസ്തുക്കളും മറ്റ് ഘടകങ്ങളെയുമാണ് പൊല്യൂട്ടന്റുകൾ എന്ന് വിളിക്കുന്നത്.

പദാർത്ഥ കണികകൾ (പർട്ടിക്കുലേറ്റ് മാറ്റർ), ഓസോൺ, നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, ലെഡ്, കാർബൺ ഡൈഓക്സൈഡ്, മീഥെയ്ൻ, ക്ലോറോ ഫ്ലൂറോ കാർബൺസ്, അസ്ഥിര ജൈവ സംയുക്തങ്ങൾ (വോളട്ടൈൽ ഓർഗാനിക് കോമ്ബൗണ്) തുടങ്ങിയവയാണ് പ്രധാനമായും വായു മലിനീകരണം സൃഷ്ടിക്കുന്നത്.

ബാക്ടീരിയ, വൈറസുകൾ, പരാന്നഭോജികൾ (പാരസൈറ്റുകൾ), രാസവളങ്ങൾ, കീടനാശിനികൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, നൈട്രേറ്റുകൾ, ഫോസ്ഫേറ്റുകൾ, പ്ലാസ്റ്റിക്കുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ തുടങ്ങിയവയാണ് ജല മലിനീകരണത്തിന് കാരണമാകുന്നത്.

ലെഡ്, മെർക്കുറി, ആഴ്സെനിക്, ചെമ്പ്, നിക്കൽ, സിങ്ക്, ഹൈഡ്രോകാർബണുകൾ, രാസ കീടനാശിനികൾ, പ്ലാസ്റ്റിക് തുടങ്ങിയവയാണ് പ്രധാനമായും മണ്ണിനെ നശിപ്പിക്കുന്നത്.

വായു മലിനീകരണം പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെത്തന്നെയാണ്. ശ്വാസകോശ ക്യാൻസർ, ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, ശ്വാസകോശ അണുബാധ, പൾമനറി ക്യാൻസർ, മെസോതെലിയോമ, ന്യുമോണിയ, ലുക്കീമിയ, ഹൃദയ സംബന്ധിയായ രോഗങ്ങൾ, പക്ഷാഘാതം, കാ‌ർഡിയോ വാസ്കുലാർ തകരാറുകൾ, നാഡീ സംബന്ധമായ പ്രശ്നങ്ങൾ, കരൾ രോഗങ്ങൾ തുടങ്ങിയ മാരക പ്രശ്നങ്ങളാണ് വായു മലിനീകരണം സൃഷ്ടിക്കുന്നത്.

ജലമലിനീകരണം മൂലമുണ്ടാകുന്ന അസുഖങ്ങളാണ് ഇനി പറയുന്നത്. അമീബിയാസിസ്, കോളറ, ക്രിപ്റ്റോസ്പോരിഡിയോസിസ്, സൈക്ലോസ്പോറിയാസിസ്, ഇ കോളി, ഫാസിയോലിയാസിസ്, ഹെപ്പറ്റൈറ്റിസ്, എലിപ്പനി, നൊറോവൈറസ്, റോട്ടവൈറസ്, സാൽമൊണല്ല, ഷിസ്റ്റോസോമിയാസിസ്, ഷിഗെല്ലോസിസ്, ടൈഫോയ്ഡ് പനി

ലെഡ് എന്ന മൂലകത്തിന്റെ മലിനീകരണത്താൽ വന്നേക്കാവുന്ന അസുഖങ്ങൾ പ്രധാനമായും ബാധിക്കുന്നത് ഹൃദയത്തെയും വൃക്കകളെയുമാണ്.

ആഗോളതലത്തിൽ മലിനീകരണം മൂലം മരിക്കുന്നത് 90 ലക്ഷം പേരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ 66.7 ലക്ഷം പേരുടെയും മരണത്തിനിടയാക്കിയത് വായുമലിനീകരണമാണ്. 13.6 ലക്ഷം പേർ ജല മലിനീകരണത്താൽ മരണപ്പെട്ടു. ഒൻപത് ലക്ഷം പേരുടെ മരണത്തിനിടയാക്കിയത് ലെഡ് എന്ന രാസവസ്തുവിനാലാണെന്നും കണക്കിൽ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ കണക്കുകളും ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. വർഷത്തിൽ 24 ലക്ഷം പേരാണ് നമ്മുടെ രാജ്യത്ത് മാത്രം മലിനീകരണം മൂലം മരണപ്പെടുന്നത്. ശൈത്യകാലത്താണ് രാജ്യതലസ്ഥാനത്ത് വായു മലിനീകരണം ഏറ്റവും ഉയർന്നുനിൽക്കുന്നത്. ശൈത്യകാലത്ത് മലിനീകരണമില്ലാത്ത രണ്ടേ രണ്ട് ദിവസം മാത്രമാണ് കഴിഞ്ഞ വർഷം ഡൽഹിയിലുണ്ടായിരുന്നത്. നാല് വർഷത്തിനിടയിൽ ആദ്യത്തെ സംഭവമാണിത്.

2015 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏഴ് ശതമാനം വർദ്ധനവ് ഉണ്ടാക്കിയത് വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള വായു മലിനീകരണവും നഗരവത്കരണവുമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ആഗോള മലീനീകരണത്തെപ്പറ്റിയും അത് മൂലമുള്ള മരണങ്ങളെപ്പറ്റിയും വിശകലനം ചെയ്യുന്ന വാഷിംഗ്ടൺ സർവകലാശാലയുടെ പഠനമായ ഗ്ലോബൽ ബർഡൻ ഒഫ് ഡിസീസിലെ 2019 ലെ ഡാറ്റ വിശകലനം വഴിയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

വിശകലനം സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ ജേർണലായ ലാൻസെറ്റ് പ്ലാനെറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക മലിനീകരണങ്ങളിൽ നിന്ന് പരമ്ബരാഗത തരം മലിനീകരണങ്ങളെ വേർതിരിക്കുകയും അവയുടെ കാരണങ്ങളെ കൂടുതൽ വ്യക്തമായി പരിശോധിക്കുകയും ചെയ്യുന്നതാണ് ഈ റിപ്പോർട്ട്.

ഇതുവരെ മലിനീകരണത്താൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ ഇന്ത്യയും ചൈനയുമാണ്. ഇന്ത്യയിൽ 2.35 കോടി ജനങ്ങൾക്കും ചൈനയിൽ 2.17 കോടി ജനങ്ങൾക്കുമാണ് മലിനീകരണത്താൽ ജീവൻ നഷ്ടമായത്.

  1. നൈജീരിയ – 35 ലക്ഷം
  2. പാകിസ്ഥാൻ – 30 ലക്ഷം
  3. ഇന്തോനേഷ്യ – 26 ലക്ഷം
  4. ബംഗ്ലാദേശ് – 21 ലക്ഷം
  5. അമേരിക്ക – 14 ലക്ഷം
  6. എത്യോപ്യ – 12 ലക്ഷം
  7. ഈജിപ്ത് – 11 ലക്ഷം
  8. കോംഗോ – 10 ലക്ഷം

മലിനീകരണം മൂലം മരിച്ചവരുടെ കണക്കിൽ ആദ്യ പത്തിൽ ഇടം പിടിച്ച പൂർണമായും വ്യാവസായികവൽക്കരിക്കപ്പെട്ട ഒരേ ഒരു രാജ്യം അമേരിക്ക മാത്രമാണ്. ഏഴാം സ്ഥാനത്തുള്ള അമേരിക്കയിൽ മലിനീകരണം മൂലം മരണപ്പെട്ടത് 1,42,833 പേരാണ്. എന്നാൽ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കിൽ അമേരിക്ക 31ാം സ്ഥാനത്താണ്. അതേസമയം, ചൈനയിൽ ഓരോ വർഷവും 22 ദശലക്ഷം ആളുകളാണ് വായുമലിനീകരണത്തിൽ മരണപ്പെടുന്നത്.

പുകവലി മൂലം ലോകത്തെമ്പാടും എത്ര പേർ മരിക്കുന്നുണ്ടോ, അത്രയും തന്നെ ആൾക്കാരെ മലിനീകരണവും കൊല്ലുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അന്തരീക്ഷ വായു മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തിൽ ബാങ്കോക്ക്, മെക്സിക്കോ സിറ്റി തുടങ്ങിയ ചുരുക്കം ചില പ്രധാന നഗരങ്ങൾ വിജയിച്ചുവെന്നും പഠനത്തിൽ പറയുന്നുണ്ട്. എന്നാൽ മറ്റുള്ള നഗരങ്ങൾ ഇപ്പോഴും മലിനീകരണത്തിന്റെ പിടിയിൽ തന്നെയാണ്.

മലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണം ഒമ്പത് ദശലക്ഷം കഴിഞ്ഞിരിക്കുന്നു. അത് ഓരോ വർ‌ഷവും കൂടുന്നുമുണ്ട്. ഇത് വളരെ ആശങ്കയുളവാക്കുന്ന കാര്യമാണെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ബോസ്റ്റൺ കോളേജിലെ ഗ്ലോബൽ പബ്ലിക് ഹെൽത്ത് പ്രോഗ്രാമിന്റെയും ഗ്ലോബൽ പൊല്യൂഷൻ ഒബ്സർവേറ്ററിയുടെ ഡയറക്ടർ കൂടിയായ ഫിലിപ്പ് ലാൻഡ്രിഗൻ പറയുന്നത്.

ഘനലോഹങ്ങൾ കൃഷിയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ഫോസിൽ ഇന്ധനത്തിന്റെ കത്തൽ മൂലം പുറന്തള്ളുന്ന ഘടകങ്ങൾ തുടങ്ങിയ ആധുനിക വസ്തുക്കൾ ശ്വസിക്കുന്നതുമൂലമുള്ള മരണം 2000 ത്തിന് ശേഷം 66 ശതമാനം വർദ്ധിച്ചുവെന്ന് പഠനത്തിൽ പങ്കെടുത്ത ന്യൂയോർക്ക് ഗ്ലോബൽ അലയൻസ് ഓൺ ഹെൽത്ത് ആൻഡ് പൊലൂഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റേച്ചൽ കുപ്ക വ്യക്തമാക്കുന്നു

Advertisement